ഷാർജ – ‘‘നിങ്ങളുടെ ലെയ്നിൽ ഉറച്ചുനിൽക്കൂ’ എന്ന തലക്കെട്ടിൽ ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗമാണ് മേയ് മാസം മുഴുവൻ ഷാർജയിലും പരിസര പ്രതേശങ്ങളിലും കാമ്പയിൻ സംഘടിപ്പിക്കുന്നത്. റോഡിലെ ട്രാഫിക് ലെയ്ൻ നിയമലംഘനങ്ങൾ അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് ഡ്രൈവർമാർക്ക് ബോധവത്കരണ കാമ്പയിനും ശക്തമായ നടപടികളുമായി ഷാർജ പൊലീസ് രംഗത്ത് വന്നിട്ടുള്ളത്. 2022ൽ മാത്രം നിശ്ചിത ലെയ്ൻ പാലിക്കാത്ത 1,68,483 നിയമലംഘനങ്ങൾ എമിറേറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഷാർജയിൽ ഏറ്റവും കൂടുതൽ ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത് അമിതവേഗതയുമായി ബന്ധപ്പെട്ടാണെന്നും ഇതിൽ പറയുന്നുണ്ട്. വാഹനമോടിക്കുന്നവർ ലെയ്ൻ നിയമം പാലിക്കാത്തതാണ് റോഡുകളിലെ അപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണമെന്ന് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
എല്ലാവർക്കും സുരക്ഷിതമായ റോഡ് രൂപപ്പെടുത്തുകയെന്ന ഭരണാധികാരികളുടെ കാഴ്ചപ്പാടും ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യവും അടിസ്ഥാനമാക്കിയാണ് നടപടികളെന്നും, മരണത്തിനും ഗുരുതര പരിക്കിനും കാരണമാകുന്ന അപകടങ്ങൾ കുറച്ചുകൊണ്ടുവരികയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രാഫിക് ബോധവത്കരണ, ഇൻഫർമേഷൻ വിഭാഗം ഡയറക്ടർ ക്യാപ്റ്റൻ സൗദ് അൽ ശൈബ പറഞ്ഞു. നിലവിൽ ട്രാഫിക് നിയമങ്ങളും നിർദേശങ്ങളും പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉപയോക്താക്കളെ ബോധവത്കരിക്കുകയും, പാലിക്കാത്ത സാഹചര്യത്തിൽ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അറിയിക്കുകയും ചെയ്യുന്നതിന് വിവിധ കാമ്പയിനുകൾ അധികൃതർ സംഘടിപ്പിച്ചുവരുന്നുണ്ട്. എന്നാൽ ഈ കാമ്പയിനിലൂടെ ഡ്രൈവർമാരും കാൽനടയാത്രക്കാരും അടക്കമുള്ള റോഡ് ഉപയോക്താക്കളുടെ ട്രാഫിക് സംസ്കാരം മെച്ചപ്പെടുത്തുന്നതിലൂടെ അപകടങ്ങൾ കുറക്കാനാകും എന്നാണ് പൊലീസ് വിലയിരുത്തുന്നത്. കാമ്പയിനുകളുടെ ഭാഗമായി അറബി, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ പൊലീസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വിഡിയോകളും സന്ദേശങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്.