ദോഹ: ഖത്തർ ലോകകപ്പിൽ ഇന്ന് മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരാട്ടം. മിന്നൽക്കുതിപ്പ് നടത്തി സെമിവരെയെത്തിയ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും ഇത്തവണത്തെ കറുത്ത കുതിരകളായ മൊറോക്കോയും തമ്മിലാണ് മൂന്നാം സ്ഥാനക്കാരെത്തേടിയുള്ള ലൂസേഴ്സ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം രാത്രി 8.30 മുതൽ ഖലീഫ ഇന്റർ നാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം.
ആഫ്രിക്കൻ ടീമിനെതിരെ അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും ക്ലീൻഷീറ്റ് നിലനിറുത്താൻ ഇത്തവണ ക്രൊയേഷ്യയ്ക്ക് കഴിഞ്ഞു എന്ന ആത്മവിശ്വാസത്തിൽ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ഫൈനൽ ലക്ഷ്യമിട്ടെത്തിയ ക്രൊയേഷ്യ ലൂക്ക മൊഡ്രിച്ചെന്ന പ്ലേമേക്കറുടെ നേതൃത്വത്തിൽ ഇത്തവണയും പൊരുതി മുന്നേറിയെങ്കിലും സെമിയിൽ ലയണൽ മെസിയുടെ അർജന്റീനയ്ക്ക് മുന്നിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽവി സമ്മതിക്കുകയായിരുന്നു. മറുവശത്ത് ഇത്തവണ അദ്ഭുതക്കുതിപ്പ് നടത്തിയ മൊറോക്കോ കരുത്തരായ ബെൽജിയത്തേയും മുൻ ലോകചാമ്പ്യൻമാരായ സ്പെയിനിനേയും ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർച്ചുഗലിനേയും തോൽപിച്ച് ഖത്തറിൽ നടത്തിയ സ്വപ്നക്കുതിപ്പ് സെമിയിൽ ഫ്രാൻസ് അവസാനിപ്പിക്കുകയായിരുന്നു. മറുപടിയില്ലത്ത രണ്ട് ഗോളിനായിരുന്നു സെമിയിൽ മൊറോക്കോയുടെ തോൽവി.
ഇത്തവണ ഗ്രൂപ്പ് എഫിൽ ആയിരുന്ന മൊറോക്കോയും ക്രൊയേഷ്യയും ഖത്തറിൽ തങ്ങളുടെ യാത്ര തുടങ്ങിയത് പരസ്പരം എതിരിട്ടുകൊണ്ടായിരുന്നു. ഇരുവരും മുഖാമുഖം വന്ന ഗ്രൂപ്പ് എഫിലെ ആ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചിരുന്നു. ഗ്രൂപ്പിൽ നിന്ന് ഒന്നാമൻമാരായി മൊറോക്കോയും രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യയും നോക്കൗട്ടിൽ കടന്നിരുന്നു.