ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിൽ ബ്രസീലിനും അർജന്റീനക്കും വമ്പൻ ജയം. ബ്രസീൽ 3-0ന് ഘാനയെ തോൽപ്പിച്ചപ്പോൾ ഇതേ സ്കോറിന് അർജന്റീന ഹോണ്ടുറാസിനെയും തോൽപ്പിച്ചു (3-0). ഘാനയുമായുള്ള മത്സരത്തിൽ ഒമ്പതാം മിനിറ്റിൽ തന്നെ യുവതാരം മാർക്വിനോസ് ബ്രസീലിനായി ആദ്യ ഗോൾ നേടി. 28, 40 മിനിറ്റുകളിൽ റിച്ചാർലിസൻ ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ തന്നെ ബ്രസീൽ ഏറെ മുന്നിലെത്തിയിരുന്നു.
ഹോണ്ടുറസിനെതിരായ മത്സരത്തിൽ അർജന്റീനക്ക് വേണ്ടി ലയണൽ മെസ്സി രണ്ട് ഗോൾ നേടി. ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ പെനാൽട്ടിയിലൂടെയും 69ാം മിനിറ്റിലുമായിരുന്നു മെസ്സിയുടെ ഗോളുകൾ. 16ാം മിനിറ്റിൽ ലുത്താറോ മാർട്ടിനെസും അർജന്റീനക്കായി ഗോൾ നേടി. 27ന് ടുണീഷ്യയുമായാണ് ബ്രസീലിന്റെ അടുത്ത സൗഹൃദ മത്സരം. നവംബർ 24 ന് സെർബിയക്കെതിരെയാണ് ഖത്തർ ലോകകപ്പിൽ ബ്രസീലിന്റെ ആദ്യ മത്സരം. 28ന് ജമൈക്കയുമായാണ് അർജന്റീനയുടെ അടുത്ത കളി. നവംബർ 22ന് സൗദി അറേബ്യയ്ക്കെതിരെയാണ് ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ അരങ്ങേറ്റ മത്സരം.