തിരുവനന്തപുരം – മുൻ മുഖ്യമന്ത്രിയും കേരളത്തിന്റെ ജനകീയ നേതാവുമായ വി എസ് അച്യുതാനന്ദന്റെ തൊണ്ണൂറ്റിയൊൻപതാം പിറന്നാളാണ് ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നിരവധി പേരാണ് വി എസിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടിരിക്കുന്നത്.
“തൊണ്ണൂറ്റിയൊൻപതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയ സഖാവ് വി എസിന് ഹൃദയം നിറഞ്ഞ ആശംസകൾ.” – എന്നാണ് വി എസിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
1923 ഒക്ടോബർ 20ന് ആലപ്പുഴ പുന്നപ്ര പറവൂർ വെന്തലത്തറ വീട്ടിൽ ശങ്കരന്റെയും കാർത്ത്യായനിയുടെയും (അക്കമ്മ) മകനായാണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാന്ദന്‍ എന്ന വി.എസ്. അച്യുതാനന്ദന്റെ ജനനം. സാധാരണകാരിൽ സാധാരണക്കാരന്റെ ജീവിത പ്രാരാബ്ധങ്ങളുടെ ഭാണ്ഡക്കെട്ടുകൾ നന്നേ ബാല്യത്തിൽ ചുമക്കേണ്ടി വന്ന അച്യുതാനന്ദൻ ഏഴാം ക്ളാസിൽ പഠനം അവസാനിപ്പിച്ചു. പിന്നീടങ്ങോട്ട് തൊഴിലാളിയായും കമ്മ്യൂണിസ്റ്റായും പ്രവർത്തനം തുടങ്ങി.
പിന്നീട് കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച്, അവരിലേക്ക് കമ്മ്യൂണിസ്റ്റ് ആശയങ്ങൾ സന്നിവേശിപ്പിക്കാനുള്ള ദൗത്യമാണ് വി എസിനെ അന്നത്തെ പാർട്ടി ആദ്യമായി ഏല്പിച്ചത്. തന്നിലർപ്പിച്ച വിശ്വാസത്തിന് നൂറ്റൊന്ന് ശതമാനം ഫലപ്രാപ്തി തിരുച്ചു നൽകുകയും ചെയ്തു അദ്ദേഹം.പിന്നീട് പ്രസിദ്ധമായ പുന്നപ്ര-വയലാർ സമരവുമായി ബന്ധപ്പെട്ട സഖാവിന്റെ ഒളിവ് ജീവിതവും, പൊലീസ് ലോക്കപ്പുകളിൽ ഏറ്റ കൊടിയ മർദ്ദനവും കാലം കോറിയിട്ട ചരിത്ര സാക്ഷ്യങ്ങളാണ് ജനങ്ങളുടെ, അണികളുടെ സ്വന്തം വി എസ്. ജനകീയവിഷയങ്ങളില്‍ എന്നും, ഇന്നും അവരുടെ പക്ഷത്തുനിന്ന നേതാവാണ് വി എസ്.
1952-ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയും, 56-ൽ ജില്ലാ സെക്രട്ടറിയുമായി.1959-ൽ ദേശീയ കൗൺസിൽ അംഗം.1964-ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.എം പക്ഷത്ത് ഉറച്ച വി.എസ്, സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായി.1967-ൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിൽ. 70 ലും മണ്ഡലം നിലനിർത്തി. 1991-ൽ മാരാരിക്കുളത്തും, 2001, 2006, 2011 – 16 തിരഞ്ഞെടുപ്പുകളിൽ മലമ്പുഴയിലും വിജയം കണ്ടു. 1980 മുതൽ 1991 വരെ മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി.പാർട്ടി പി.ബി അംഗവുമായി. 2006 മുതൽ 11 വരെ മുഖ്യമന്ത്രിയായി. 2016 മുതൽ 21 വരെ ഭരണ പരിഷ്കാര കമ്മീഷൻ അദ്ധ്യക്ഷനായും പ്രവർത്തിച്ചു.
മകൻ വി.എ. അരുൺകുമാറിന്റെ ബാർട്ടൺഹില്ലിന് സമീപമുള്ള വീട്ടിൽ, കൊവിഡ് നാളുകളുടെ തുടക്കം മുതൽ വിശ്രമത്തിലാണ് വി എസ്. സന്ദർശകർക്ക് ഡോക്ടർമാർ കർശനമായ നിയന്ത്രണം വച്ചിട്ടുള്ളതിനാൽ പിറന്നാൾ ആഘോഷമില്ല. ഭാര്യ വസുമതി, മകൻ വി.എ. അരുൺകുമാർ, മരുമകൾ രജനി, മകൾ ഡോ. ആശ, മരുമകൻ ഡോ. തങ്കരാജ്, ചെറുമക്കൾ എല്ലാവരും ഒത്തുചേരും. പായസം കൂട്ടിയുള്ള ഉച്ചയൂണിൽ 99മത് പിറന്നാൾ ആഘോഷവും ഒതുങ്ങും.