റാഞ്ചി: ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ ഒന്നിലധികം സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച രാവിലെ നടത്തിയ റെയ്‌ഡുകളിൽ 25 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. ജാർഖണ്ഡ് ഗ്രാമവികസന മന്ത്രി അലംഗീർ ആലമിന്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുജോലിക്കാരനിൽ നിന്നാണ് പണം കണ്ടെത്തിയത്. റെയ്ഡിൽ കണക്കില്‍പ്പെടാത്ത ഇരുപതു കോടിയോളം രൂപ പിടിച്ചെടുത്തതായി ഇഡി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരിയിൽ ജാർഖണ്ഡ് ഗ്രാമവികസന വകുപ്പിലെ മുൻ ചീഫ് എഞ്ചിനീയറായ വീരേന്ദ്ര റാമിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടർ അന്വേഷണത്തിലാണ് കള്ളപ്പണം കണ്ടെത്തിയത്. റെയ്ഡിൻന്റെ വീഡിയോ ദൃശ്യങ്ങളിൽ മുറിയിൽ ചിതറിക്കിടക്കുന്ന നോട്ടുകൾ കാണാം. 70 കാരനായ അലംഗീർ ആലം കോൺഗ്രസ് നേതാവാണ്. കേസിന്റെ അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കുന്നത് ശരിയല്ലെന്ന് റെയ്ഡിനോട് പ്രതികരിച്ചുകൊണ്ട് ആലം പറഞ്ഞു.