തിരുവനന്തപുരം: നടനും എം.എൽ.എയുമായ മുകേഷിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എസ്.പി പൂങ്കുഴലിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. ചേർത്തല ഡിവൈ.എസ്.പി ബെന്നിയാണ് മുകേഷ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ. കൊച്ചി സ്വദേശിയായ നടിയുടെ പരാതിയിൽ നടൻ ജയസൂര്യയുടെ കേസ് ഒഴികെ മറ്റെല്ലാ കേസിന്റെയും അന്വേഷണ മേൽനോട്ടം എസ്.പി പൂങ്കുഴലിക്കാണ്. അതേസമയം തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിയിൽ പരാതിക്കാരിക്ക് ഗൂഢലക്ഷ്യമെന്ന് മുകേഷ് മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു. തന്റെ സിനിമാ രാഷ്ട്രീയ ജീവിതം തകർക്കാൻ ലക്ഷ്യമിട്ടാണ് ആരോപണമെന്നും ആരോപണം തെറ്റെന്ന് തെളിയിക്കാൻ 2009 മാർച്ച് 7ന് അയച്ച മെയിൽ സന്ദേശം തെളിവായുണ്ടെന്നും വ്യക്തമാക്കി. തന്റെ മാന്യമായ പെരുമാറ്റത്തെ പരാതിക്കാരി അഭിനന്ദിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത് റിമാൻഡിലായാൽ നികത്താനാകാത്ത നഷ്ടമുണ്ടാകും. അന്വേഷണവുമായി എല്ലാത്തരത്തിലും സഹകരിക്കാമെന്നും മുകേഷ് ഹർജിയിൽ പറയുന്നു.