മലപ്പുറം – നഗരസഭയിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരനും തമ്മിലുണ്ടായ വാക്കേറ്റത്തിലും അടിപിടിയിലും കോടതി വ്യാഴാഴ്ച വിധി പറയും. കേസിൽ ബുധനാഴ്ച വാദം കേട്ട ജില്ല കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷരായ നൂറേങ്ങൽ സിദ്ദീഖ്, പി.കെ. സക്കീർ ഹുസൈൻ, കൗൺസിലർമാരായ ഷാഫി മുഴിക്കൽ, എ.പി. ശിഹാബ്, ഡ്രൈവർ പി.ടി. മുകേഷ് എന്നിവർക്കെതിരെയാണ് കേസ്.
താൽക്കാലിക ജീവനക്കാർ നൽകുന്ന ജോലി സംബന്ധമായ നിർദേശം നഗരസഭയിലെ സ്ഥിരം ജീവനക്കാരായ ഡ്രൈവർമാർ തള്ളിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് സംഭവത്തിൽ ഉൾപ്പെട്ട ഡ്രൈവർ പി.ടി. മുകേഷ് ആരോപിച്ചിരുന്നു. എന്നാൽ, നഗരസഭ കൗൺസിലർ ബിനുവിന്റെ ഭർത്താവ് രവികുമാറിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ജീവനക്കാരന്‍റെ കൈയേറ്റമെന്ന് ഭരണപക്ഷവും ആരോപിക്കുന്നു. ഫെബ്രുവരി രണ്ടിനും നഗരസഭ പരിസരത്ത് ഭരണപക്ഷവും ജീവനക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായിരുന്നു. ഇരു വിഭാഗവും ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.