കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ച് തലശ്ശേരി സെഷന്‍സ് കോടതി. കണ്ണൂര്‍ ജില്ല വിട്ടുപോകുന്നതിന് തടസമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാമെന്നും ഇളവുകളില്‍ പറയുന്നു. തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
തിങ്കളാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥക്കും ഇളവ് നല്‍കിയിട്ടുണ്ട്. ആവശ്യപ്പെടുമ്പോള്‍ മാത്രം ഹാജരായാല്‍ മതി. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിവ്യയ്ക്ക് പിന്നീട് ജാമ്യം അനുവദിച്ചിരുന്നു. നവീന്‍ ബാബുവിനെ ഒക്ടോബര്‍ 15നാണ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.യാത്രയയപ്പ് ചടങ്ങില്‍ പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ചതിന് തൊട്ടടുത്ത ദിവസമാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം.