പാലക്കാട് – വടക്കഞ്ചേരി അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന് പിടിയില്‍. കൊല്ലം ചവറയില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയതത്. കൊല്ലം വഴി തിരുവനന്തപുരത്തേയ്ക്ക് കടക്കുന്നു എന്ന് പോലീസിനു രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കൊല്ലം പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ വടക്കഞ്ചേരി പോലീസിനു കൈമാറി.
പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്ത് ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിനു പിന്നാലെ ഒളിവില്‍ പോയ ഇയാള്‍ അധ്യാപകനെന്ന വ്യാജേനയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
അമിത വേഗതയെ തുടർന്ന് മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്കു പാഞ്ഞുകയറുകയായിരുന്നു. ബസില്‍ ഇടിച്ചശേഷം ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് തലകീഴായി മറിഞ്ഞു. അപകടത്തിൽ അഞ്ചു വിദ്യാർഥികളടക്കം ഒമ്പത് പേർ മരിച്ചു. അപകടസമയത്ത് ബസ് 97.7 കിലോമീറ്റര്‍ വേഗതയിലായിരുന്നെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു.