വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥികളടക്കം ഒന്‍പത് പേര് മരിച്ചു. അഞ്ച് വിദ്യാർഥികളും ഒരു അധ്യാപകനും മൂന്നു കെഎസ്ആർടിസി യാത്രക്കാരുമാണ് മരിച്ചത്. പരിക്കേറ്റ 60 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
എൽന ജോസ്, ക്രിസ്വിന്റ്, ദിവ്യ രാജേഷ്, അഞ്ജന അജിത്, ഇമ്മാനുവേൽ എന്നിവരാണ് മരിച്ച വിദ്യാർഥികൾ. അധ്യാപകനായ വിഷ്ണു, കെഎസ്ആർടിസി യാത്രക്കാരായ കൊല്ലം വളിയോട് ശാന്ത്മന്ദിരം സ്വദേശി അനൂപ് (24), രോഹിത് രാജ് (24 ) എന്നിവരും മരിച്ചു. മൃതദേഹങ്ങള്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
പാലക്കാട്-തൃശൂർ ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. കൊട്ടാരക്കര-കോയമ്പത്തൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ബസുകള്‍ പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
എറണാകുളം മാര്‍ ബസേലിയോസ് സ്കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരിലേറെയും സ്കൂൾ വിദ്യാർഥികളാണ്.