കോവിഡ് മഹാമാരിമൂലമുണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് വിദ്യാരംഭ ചടങ്ങുകള്‍ വിപുലമായി നടക്കുന്നത്. സംസ്ഥാനത്തുടനീളം ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സംവിധാനങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നതു.
ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്ന നവരാത്രി ആഘോഷങ്ങള്‍ വിജയദശമി ദിനത്തിലാണ് അവസാനിക്കുന്നത്. തിന്മയുടെ മേല്‍ നന്മയുടെ വിജയമാണ് ഈ ആഘോഷം. ഒപ്പം നന്മയുടെ വിജയത്തിന്റെയും ധര്‍മ്മ സംരക്ഷണത്തിന്റെയും സന്ദേശം കൂടിയാണ് വിജയദശമി നല്‍കുന്നത്.
കോട്ടയം പനച്ചിക്കാട് ക്ഷേത്രം, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, തിരൂരിലെ തുഞ്ചൻ പറമ്പ്, പുനലൂർ ദക്ഷിണ മൂകാംബിക, തിരുവനന്തപുരം പൂജപ്പുര മണ്ഡപം എന്നീ പ്രധാന ക്ഷേത്രങ്ങളിലെല്ലാം അതിരാവിലെ മുതല്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. രാഷ്ട്രീയ സാംസ്കാരിക നേതാക്കളും കുട്ടികളെക്കൊണ്ട് ആദ്യാക്ഷരം കുറിപ്പിച്ചു.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ വച്ചാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. ശശി തരൂര്‍ എംപി തിരുവനന്തപുരത്തുള്ള സ്വന്തം വസതിയിലാണ് ചടങ്ങുകളുടെ ഭാഗമായത്. യൂറോപ് സന്ദര്‍ശനത്തിലായതിനാല്‍ ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങുകളുടെ ഭാഗമാകാന്‍ സാധിച്ചില്ല.
ചരിത്രപരമായി നോക്കിയാൽ ത്രിലോകങ്ങള്‍ കയ്യടക്കിയ അസുര രാജാവായ മഹിഷാസുരന്‍ എന്ന തിന്മയെ ദുര്‍ഗാ ദേവി നിഗ്രഹിക്കുകയും നന്മയുടെ ലോകം വീണ്ടെടുക്കുകയും ചെയ്തു. അതിനാല്‍ തന്നെ സര്‍വ്വ ശക്തയായ ദേവിയുടെ വിവിധ ഭാവങ്ങളെയാണ് വിജയ ദശമിയുടെ ഭാഗമായുള്ള ഒന്‍പത് ദിവസങ്ങളില്‍ ആചരിയ്ക്കുന്നത്.
നവരാത്രി ആഘോഷിക്കുന്ന ആദ്യ മൂന്ന് നാളില്‍ ദേവിയെയും പാര്‍വതിയെയും അടുത്ത മൂന്ന് ദിവസങ്ങളില്‍ ലക്ഷ്മിയെയും അവസാനത്തെ മൂന്ന് ദിവസങ്ങളില്‍ സരസ്വതിയെയും സങ്കല്‍പ്പിച്ചാണ് ആഘോഷച്ചടങ്ങുകൾ. വിജയദശമി ദിനത്തിലാണ് കുഞ്ഞുങ്ങളുടെ നാവില്‍ ആദ്യമായി അക്ഷരം കുറിക്കുന്നതും പൂജവെച്ച ആയുധങ്ങളും പുസ്തകങ്ങളും തിരികെ എടുക്കുന്നതും. കൂടാതെ കലാകാരന്മാര്‍ ഈ ദിവസമാണ് അരങ്ങേറ്റം കുറിക്കുന്നതും.
കേരളത്തില്‍ വിജയദശമി ആഘോഷിക്കുമ്പോള്‍ ഇന്ത്യയുടെ വടക്ക് തെക്ക് സംസ്ഥാനങ്ങളിൽ വിജയദശമിയുടെ ആഘോഷങ്ങൾക്ക് പിന്നിലെ ഐതിഹ്യം മറ്റൊന്നാണ്. അസുരനായ രാവണന്റെ മേലുള്ള ശ്രീരാമന്റെ വിജയമാണ് വടക്കേ ഇന്ത്യയില്‍ ദസറ എന്ന് പേരില്‍ ആഘോഷിക്കുന്നത്. അസുരനായ മഹിഷാസുരന്റെ മേല്‍ ദുര്‍ഗാദേവിയുടെ വിജയമായിട്ടും ഈ ആഘോഷത്തെ കാണാറുണ്ട്.
ഐതിഹ്യങ്ങള്‍ പലതാണെങ്കിലും ആഘോഷം നല്‍കുന്ന സന്ദേശം ഒന്നാണ്. തിന്മയുടെ മേലുള്ള നന്മയുടെ വിജയമാണ് ആഘോഷങ്ങളെല്ലാം സൂചിപ്പിക്കുന്നത്.