ദുബായ് – മതസഹിഷ്ണുതയുടെ മകുടോദാഹരണമായ ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളോടെ ജബൽ അലിയിൽ തുറന്നു. യു.എ.ഇ സഹിഷ്ണുത, സഹവർതിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കമ്യൂനിറ്റി ഡവലപ്മെന്റ് അതോറിറ്റി ഡയറക്ടർ ജനറൽ അഹ്മദ് ജുൽഫർ തുടങ്ങിയവരും പങ്കെടുത്തു.
ദുബായ് ബർദുബൈയിൽ 1958 മുതൽ ഹിന്ദു ക്ഷേത്രം നിലവിലുണ്ട്. വിശേഷദിവസങ്ങളിൽ ഇവിടുത്തെ വർധിച്ച തിരക്കുകൂടി കണക്കിലെടുത്താണ് പുതിയ ക്ഷേത്രം നിർമിച്ചത്. ക്രിസ്ത്യൻ ദേവാലയങ്ങൾക്കും ഗുരുദ്വാരക്കും സമീപമാണ് പുതിയ ക്ഷേത്രം നിർമിച്ചത്. ബഹുനില ക്ഷേത്രത്തിൽ സ്വാമി അയ്യപ്പൻ, ഗുരുവായൂരപ്പൻ തുടങ്ങി മലയാളികളുടെ പ്രധാന ആരാധന മൂർത്തികളടക്കം 16 മൂർത്തികളുടെ പ്രതിഷ്ഠയാണുള്ളത്. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും പ്രധാന ആരാധന മൂർത്തികൾക്ക് പുറമെ സിഖ് ആരാധനക്കുള്ള സൗകര്യവും ക്ഷേത്രത്തിലുണ്ട്. മൂന്നു വർഷം കൊണ്ടാണ് ക്ഷേത്ര നിർമാണം പൂർത്തീകരിച്ചത്.
ഭക്ത ജനങൾക്ക് ഓൺലൈൻ ബുക്കിങ് അനുസരിച്ചാണ് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്. പൂർണരൂപത്തിൽ ക്ഷേത്രത്തിന്റെ പ്രവർത്തനം ഇന്നലെ മുതലാണ് തുടങ്ങിയത്. വിപുലമായ പാർക്കിങ് സൗകര്യവും ആരാധന ചടങ്ങുകൾക്കും മറ്റും ഉപയോഗിക്കാൻ പ്രത്യേക ഹാളും ഇതിൽ പണിതിട്ടുണ്ട്.
ത്രീഡി പ്രിന്റ് ചെയ്ത വലിയ താമര ചിത്രമുള്ള പ്രധാന പ്രാർഥന ഹാളിലാണ് പ്രതിഷ്ഠകൾ സ്ഥാപിച്ചത്. ഒമ്പതുദിവസം പ്രത്യേക പ്രാർഥനകൾ നടത്തിയ ശേഷമാണ് ഇവിടെ ഓരോ പ്രതിഷ്ഠകർമവും പൂർത്തിയായത്. ആഗസ്റ്റ് അവസാനത്തോടെയാണ് സിഖുകാരുടെ വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് സ്ഥാപിച്ചത്. നിരവധി വ്യത്യസ്ത ചർച്ചുകളും, ഗുരുനാനാക് ദർബാർ ഗുരുദ്വാരയും ഉൾക്കൊള്ളുന്ന ജബൽ അലിയിലെ ‘ആരാധന ഗ്രാമം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.