മസ്കത്ത് – മെഡിക്കല്‍ വീസ നടപടികള്‍ ലളിതമാക്കിയും, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നിരക്ക് ഒഴിവാക്കിയും കൊണ്ടുള്ള ഒമാൻ ആരോഗ്യ മന്ത്രിയുടെ ഉത്തരവ് ആയിരകണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നു. ഒമാൻ ആരോഗ്യ മന്ത്രി ഡോ. ഹിലാല്‍ ബിന്‍ അലി അല്‍ സബ്തിയാണ് വ്യാഴാഴ്ച ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാൽ സനദ് സെന്ററുകള്‍ വഴി 30 ഒമാൻ റിയൽ അടച്ചുകൊണ്ട് സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ പുതിയ വീസയ്ക്കും, വീസ പുതുക്കുകൽ നടപടിക്കും മെഡിക്കല്‍ പരിശോധനക്കുള്ള അപേക്ഷ സമര്‍പ്പിക്കണം. അതിനു ശേഷം അംഗീകൃത സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെത്തി വീസാ മെഡിക്കല്‍ പരിശോധന നടത്താം. ഇവിടെ പ്രത്യേകം തുക അടയ്ക്കേണ്ടതില്ല.
ഒമാനിൽ നവംബര്‍ 1- മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും. പരിശോധന കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ഫലം ഇലക്ട്രോണിക് സംവിധാനം വഴിയാണ് ഉപഭോക്താക്കൾക്ക് ലഭ്യമാവുക. നേരത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളും പ്രത്യേകം നിരക്ക് ഈടാക്കിയിരുന്നു. കൃത്യമായ തുകയായിരുന്നില്ല ഓരോരുത്തരും ഈടാക്കിയിരുന്നത്. ഇത് ശ്രദ്ധയിൽ പെട്ടതിനാലാണ് ഗവൺമെന്റ് ഇത്തരം നടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.