Gulf UAE

കഥകള്‍ക്ക് കാതോർത്ത്‌ കുരുന്നു കൺമണികൾ

Written by themediatoc

ഷാർജ – ഷാർജയില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തില്‍ കഥകള്‍ കേള്‍ക്കാനായി ആയിരകണക്കിന് കുരുന്നുകളെത്തി. 66 വയസുളള ഹാഷെം കഡൗരയാണ് മുതുമുത്തച്ഛനായി കുരുന്നുകള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്നത്. മൊബൈലിലും ടാബുകളിലുമെല്ലാം സജീവമായി കളിക്കുന്ന പല കുരുന്നുകള്‍ക്കും കഥ പറയുന്ന മുതുമുത്തച്ഛന്‍ പുതിയ അനുഭവമായിരുന്നു. ഷാർജ വായനോത്സവത്തിലെ കഥപറച്ചിലുകാരനെന്ന തന്‍റെ വേഷം ഭംഗിയാക്കുകയാണ് കഡൗര. കഥ പറയുകയെന്നതിന്‍റെ മാന്ത്രികത താന്‍ വളരെയധികം ആസ്വദിക്കുന്നുവെന്നും കുട്ടികള്‍ തനിക്ക് ചുറ്റിലും കഥകേള്‍ക്കാനായി കാത്തിരിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല കഥാപാത്രങ്ങളായും വേഷമിട്ടുണ്ട്. എന്നാല്‍ ഇത് ഏറെ പ്രത്യേകതയുളള വേഷമാണ്. തങ്ങളുടെ കുട്ടിക്കാലത്ത് എങ്ങനെയാണ് താന്‍ കഥകേള്‍ക്കാന്‍ മുതിർന്നവരുടെ അടുത്ത് പോയത്, അതേ രീതിയില്‍ തന്നെയാണ് ഇക്കാലത്തും കുട്ടികള്‍ കഥകേള്‍ക്കാനായി എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മെയ് 14 വരെ വായനോത്സവത്തില്‍ പല കഥകള്‍ പറഞ്ഞ് കുട്ടികള്‍ക്കൊപ്പം കൂട്ടു കൂടി കഡൗര ഷാർജ എക്സ്പോ സെന്‍ററില്‍ ഉണ്ടാകും.

 Hashem Kaddoura SCRF 2023

About the author

themediatoc

Leave a Comment