ദുബായ് – മലയാള സിനിമയിലെ യുവഗായകനും, അഭിനേതാവും, സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ മുഖ്യ വേഷത്തിലെത്തുന്ന ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ നവംബര്‍ 11ന് ദുബായ് തിയ്യറ്ററുകളിലെത്തും.തികച്ചും ഡാര്‍ക് കോമഡി വാഗ്ദാനം ചെയ്യുന്ന ഒരു തികഞ്ഞ നാര്‍സിസിസ്റ്റായാണ് താനിതില്‍ അഭിനയിച്ചിരിക്കുന്നതെന്നും, ഇതുവരെ താൻ കൈകാര്യം ചെയ്യാത്ത റോളിലാണ് ഈ ചിത്രത്തിലെ മുകുന്ദന്‍ ഉണ്ണി കഥാപാത്രത്തിനു ജീവൻ നാൽക്കിയിട്ടുള്ളതെന്നും വിനീത് ശ്രീനിവാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തന്റെ വിജയത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു സോഷ്യോപതിക് അഭിഭാഷകനെയാണ് വിനീതിലൂടെ ഈ സിനിമയില്‍ കാണാനാവുക.
വിജയം മാത്രം ലക്ഷ്യമുള്ള ഒരഭിഭാഷകനാകുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് തന്റെ തൊഴിലില്‍ ഉന്നത സ്ഥാനത്ത് എത്താനുള്ള സ്ഥിരോത്സാഹത്തില്‍ താന്‍ സത്യപ്രതിജ്ഞ ചെയ്ത അവകാശങ്ങളെയും നീതിയെയും സത്യത്തെയും അദ്ദേഹം അവഗണിക്കുന്നു. ചെയ്യാനാഗ്രഹിക്കുന്നതില്‍ വിജയിക്കുക എന്നത് മാത്രം ചിന്തിക്കുന്ന ഈ കഥാപാത്രം, പരാജയത്തെക്കാള്‍ മരണമാണ് ഇഷ്ടപ്പെടുന്നത്.
തന്റെ കേസിനനുകൂലമായി തെളിവുകള്‍ കൃത്രിമമായി സൃഷ്ടിക്കുന്ന ഇയാള്‍, തന്നെ ശല്യപ്പെടുത്തുന്നവരുടെ നാവറുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. പല തലങ്ങളിലേക്ക് വികസിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗത സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക് ആണ്.
നിര്‍മാണം ഡോ. അജിത് ജോയ്. എഡിറ്റിംഗ് നിധിന്‍ രാജ് അരോള്‍. സംഗീതം സിബി മാത്യു അലക്‌സ്. സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദ്‌നി ബൈജു, അല്‍താഫ് സലിം, റിയ സൈറ, രഞ്ജിത് ബാലകൃഷ്ണന്‍ എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ദീപാവലിത്തലേന്ന് പുറത്തിറങ്ങിയിരുന്നു.
ദുബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിനീത് ശ്രീനിവാസനൊപ്പം ഡോ. അജിത് ജോയ്, തന്‍വി റാം, ആര്‍ഷ എന്നിവരും സംബന്ധിച്ചു.