ഷാര്‍ജ – ഏത് പ്രദേശങ്ങളുടെ ആത്മാവ് തൊട്ടറിയാനും ജീവിതരീതികള്‍ മനസ്സിലാക്കാനും യാത്ര ചെയ്യണമെന്ന് ലോക പ്രശസ്ത സഞ്ചാര എഴുത്തുകാരന്‍ പികോ അയ്യര്‍. വര്‍ത്തമാന കാലത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റുമുള്ള ലോക കാഴ്ചകള്‍ നമ്മള്‍ ആസ്വദിക്കുന്നു. അതിലെ പ്രധാനഭാഗങ്ങള്‍ നോക്കി ഓരോ സ്ഥലങ്ങളെയും നമ്മള്‍ വിലയിരുത്താറുണ്ട്. എന്നാല്‍ തെരുവിലൂടെ സഞ്ചരിച്ചുള്ള യാത്രാ അനുഭവം വേറിട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. 41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ തന്റെ നാലര പതിറ്റാണ്ടിന്റെ യാത്രാ അനുഭവങ്ങളെക്കുറിച്ചും എഴുത്തിനെക്കുറിച്ചും വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു പികോ അയ്യര്‍.
സഞ്ചാരങ്ങള്‍ വെറുമൊരു കാഴ്ചയാവരുത്. ഓരോ ദേശങ്ങളിലും നമ്മള്‍ കണ്ടുമുട്ടുന്ന വ്യക്തികളുമായി ആഴത്തില്‍ പരിചയപ്പെടാനും സംവദിക്കാനും കഴിയണം. മോഹിപ്പിക്കുന്ന കാഴ്ചകള്‍പ്പുറം സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് ഒരു സഞ്ചാരി എത്തിപ്പെടേണ്ടത്. സാമൂഹ്യ മാധ്യമങ്ങളില്‍ അഭിരമിച്ച് കെട്ടിടങ്ങള്‍ക്കുള്ളില്‍ ചടഞ്ഞു കൂടുന്ന ശീലങ്ങളില്‍ നിന്നും പുതിയ തലമുറ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. എല്ലായ്‌പോഴും തിരക്കുള്ള ശീലമല്ല തുടരേണ്ടത്. ഒരു ദിവസത്തില്‍ അരമണിക്കൂറെങ്കിലും സ്വസ്ഥമായ മനസ്സുമായി ചുറ്റുപാടുകളുമായി സംവദിക്കാന്‍ കഴിയണം. ശാരീരികമായി ശക്തിയാര്‍ജ്ജിക്കുന്നതിനെക്കുറിച്ചാണ് നമ്മളെല്ലാം പൊതുവെ ചിന്തിക്കാറുള്ളത്. എന്നാല്‍ ശാരീരിക ശക്തിക്കൊപ്പം മാനസിക ആരോഗ്യവും മുഖ്യമാണ്. ചുറ്റുപാടുകളെക്കുറിച്ച് പഠിക്കാനും ചിന്തിക്കാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ യാത്രകളിലും അപ്പോള്‍ കാണുന്ന കാര്യങ്ങള്‍ കുറിച്ചു വെക്കും. പിന്നീട് ഓരോ ചിന്തകളിലും വരുന്ന വിഷയങ്ങള്‍ എഴുതി ചേര്‍ക്കും. ചിലപ്പോള്‍ ഉറങ്ങാന്‍ കിടക്കുന്ന സമയത്തായിരിക്കും പുതിയ വിവരങ്ങള്‍ ഓര്‍മ്മവരിക. ഓരോ ദിവസവും എഴുതിച്ചേര്‍ക്കുന്ന കാര്യങ്ങളാണ് പിന്നീട് പുസ്തക രൂപത്തിലാക്കുന്നത്-പികോ അയ്യര്‍ തന്റെ എഴുത്തിന്റെ രീതിയെക്കുറിച്ച് പറഞ്ഞു.
യൂണിവേഴ്‌സിറ്റി പഠനകാലത്ത് പതിനേഴാം വയസ്സിലാണ് എഴുതിതുടങ്ങിയത്. ഓരോ ദിവസവും മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ എഴുതിവെക്കും. ഒരു യാത്രയുടെ സൗന്ദര്യം ആ പ്രദേശത്തുകാരുടെ മനോവികാരങ്ങള്‍ മനസ്സിലാക്കുന്നതാണ്. മനുഷ്യ യാഥാര്‍ത്ഥ്യങ്ങള്‍ നിരീക്ഷിക്കണം. ക്യൂബ പോലുള്ള രാജ്യങ്ങള്‍ ഏറെ ആകര്‍ഷിച്ചതായും അറബ് രാജ്യങ്ങളില്‍ വംശീയത ഇല്ലെന്നും വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടിയായി പികോ അയ്യര്‍ പറഞ്ഞു.
പിക്കോ അയ്യര്‍ എന്നറിയപ്പെടുന്ന സിദ്ധാര്‍ത്ഥ് പിക്കോ രാഘവന്‍ അയ്യര്‍ ബ്രിട്ടനില്‍ ജനിച്ച ലോകമറിയുന്ന ഉപന്യാസകാരനും നോവലിസ്റ്റുമാണ്. കാഠ്മണ്ഡുവിലെ വീഡിയോ നൈറ്റ്, ദി ലേഡി ആന്‍ഡ് ദി മോങ്ക്, ദി ഗ്ലോബല്‍ സോള്‍ തുടങ്ങി സംസ്‌കാരങ്ങളെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം.
മാതാപിതാക്കള്‍ ഇന്ത്യക്കാരാണ്. തത്ത്വചിന്തകനും രാഷ്ട്രീയ സൈദ്ധാന്തികനുമായ രാഘവന്‍ എന്‍. അയ്യര്‍ ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്. മതപണ്ഡിതയായ നന്ദിനി നാനാക് മേത്തയാണ് അമ്മ. ഇന്ത്യന്‍ ഗുജറാത്തി എഴുത്തുകാരന്‍ മഹിപത്രം നീലകാന്തിന്റെ കൊച്ചുമകനാണ്. ബുദ്ധന്റെ പേരായ സിദ്ധാര്‍ത്ഥയുടെയും ഇറ്റാലിയന്‍ നവോത്ഥാന തത്ത്വചിന്തകനായ പിക്കോ ഡെല്ല മിറാന്‍ഡോളയുടെയും പേരുകള്‍ ചേര്‍ത്താണ് മാതാപിതാക്കള്‍ പികോ അയ്യര്‍ എന്ന പേര് നല്‍കിയത്. അമേരിക്കയിലും ഇംഗ്ലണ്ടിലുമായി പഠനം. 1978-ല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ പുരസ്‌കാരം ലഭിച്ചു. ഹാര്‍വേഡ്, ഓക്‌സ്ബ്രിഡ്ജ് യൂണിവേഴ്സിറ്റികളില്‍ തുടര്‍പഠനം. അതിനുശേഷം അദ്ദേഹം വടക്കന്‍ കൊറിയയില്‍ നിന്ന് ഈസ്റ്റര്‍ ദ്വീപിലേക്കും പരാഗ്വേയില്‍ നിന്ന് എത്യോപ്യയിലേക്കും സഞ്ചരിച്ചു. പിന്നീട് ലോകം മുഴുവന്‍ സഞ്ചരിച്ചു. ലോകമെമ്പാടുമുള്ള സാഹിത്യോത്സവങ്ങളിലും സര്‍വ്വകലാശാലകളിലും അദ്ദേഹം പതിവായി സംസാരിക്കുന്ന വ്യക്തിയാണ്. ഇപ്പോള്‍ ജപ്പാനില്‍ താമസം.