ഷാർജ – ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോഗ്രഫി ഫെസ്റ്റുകളിൽ ഒന്നായ ‘എക്സ്പോഷർ’ ഇന്റർനാഷനൽ ഫോട്ടോഗ്രഫി ഫെസ്റ്റിവല്ലിന്റെ ഏഴാം പതിപ്പ് ഷാർജ ഉപഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽഖാസിമി ഉദ്ഘാടനം ചെയ്തു. മലയാളികൾ അടക്കം പങ്കെടുക്കുന്ന ഫെസ്റ്റിവലിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നൂറോളം ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. പ്രശസ്ത ഫോട്ടോഗ്രാഫർമാരായ ഡാൻ വിന്റേഴ്സ്, കാരെൻ സുസ്മാൻ, ജെയിംസ് ബലോഗ് തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ 9 മുതൽ 15 വരെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 68 സോളോ, ഗ്രൂപ് എക്സിബിഷനുകൾക്കൊപ്പം 1,794 ഫോട്ടോകളും പ്രദർശനത്തിനുണ്ട്. ഒപ്പം 68 എക്സിബിഷനുകൾ, 41 സെമിനാറുകൾ, ചർച്ചകൾ, 53 വർക്ക്ഷോപ്പുകൾ തുടങ്ങിയവ നടക്കും. ഫോട്ടോഗ്രാഫി പ്രേമികൾക്ക് വിവിധ സാഹചര്യങ്ങളിൽനിന്നും സ്ഥലങ്ങളിൽനിന്നും ഫോട്ടോകൾ എടുക്കുന്നതിനും പരിചയസമ്പന്നരായ ഫോട്ടോഗ്രാഫർമാരുടെ അനുഭവങ്ങൾ പകർത്താനും കഴിയുന്ന പരിപാടികളാണ് ഈ വര്ഷം ഇവിടെ ഒരുക്കിയിരിക്കുന്നത്.