ഷാർജ – കഴിഞ്ഞ വർഷം വളരെ ശ്രദ്ധേയമായ സാമ്പത്തിക വളർച്ച നേടാൻ ഷാർജ എമിറേറ്റിന് സാധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ്, കമ്യൂണിറ്റി വികസന വകുപ്പ്. 2021ൽ 130.1ശതകോടി ദിർഹമായിരുന്നത് 136.9 ശതകോടി ദിർഹമിലാണ് എത്തിയത്. വികസന പദ്ധതികൾ ആസൂത്രിതമായി നടപ്പാക്കിയതിന്റെയും സമ്പദ്രംഗം വൈവിധ്യവത്കരിച്ചതിന്റെയും ഫലമായാണ് നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് അധികൃതർ വിലയിരുത്തി.
പ്രാഥമിക വിലയിരുത്തൽ പ്രകാരം ഷാർജയുടെ ആകെ മൊത്ത ആഭ്യന്തര ഉൽപാദനം(ജി.ഡി.പി) കഴിഞ്ഞ വർഷം 5.2 ശതമാനം വർധിച്ചിട്ടുണ്ട്.
എണ്ണയിതര മേഖലയിൽ 5.2 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 2021ൽ 126.8 ശതകോടി ദിർഹമായിരുന്നു ഈ മേഖലയിൽ നിന്നുള്ള വരുമാനം. ഇത് 2022ൽ 133.4 ശതകോടി ദിർഹമിലെത്തി. അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട രീതിശാസ്ത്രം അനുസരിച്ച് എല്ലാ സ്വകാര്യ സ്ഥാപനങ്ങളും പൊതുമേഖലയും ഉൾപ്പെടെ നടത്തിയ പഠനത്തിലാണ് സമ്പദ്വ്യവസ്ഥയുടെ മുന്നേറ്റം അടയാളപ്പെടുത്തിയത്. എമിറേറ്റിൽ അനുകൂലമായ സാമ്പത്തിക വികസനമാണ് കാണിക്കുന്നതെന്ന് റിപ്പോർട്ട് വിലയിരുത്തിക്കൊണ്ട് സ്റ്റാറ്റിസ്റ്റിക്സ്, കമ്യൂണിറ്റി വികസന വകുപ്പ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹുമൈദ് അൽ ഖാസിമി പറഞ്ഞു. സാമ്പത്തിക വൈവിധ്യവത്കരണം എമിറേറ്റിന്റെ വികസന പദ്ധതികളുമായി യോജിപ്പിച്ച് നടപ്പാക്കിയതാണ് വളർച്ചക്കു പിന്നിലെ പ്രേരകശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൊത്ത, ചില്ലറ വ്യാപാരം, മോട്ടോർ വാഹന വിപണി, നിർമാണ മേഖല, താമസ-ഭക്ഷണ സേവന മേഖല എന്നിവയാണ് എമിറേറ്റിന്റെ ജി.ഡി.പിയിൽ ഏറ്റവും ഉയർന്ന വളർച്ച കൈവരിക്കാൻ സഹായിച്ചത്. ആരോഗ്യ മേഖല, പൊതുഭരണം, കൃഷി, വനം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളും ശ്രദ്ധേയമായ വളർച്ച നേടിയിട്ടുണ്ട്. എമിറേറ്റിന്റെ മൊത്തം ജി.ഡി.പിയുടെ 9 ശതമാനം സംഭാവന ചെയ്തത് നിർമാണ മേഖലയാണെന്നും റിപ്പോർട്ട് പറയുന്നുണ്ട്. എന്നാൽ 24 ശതമാനം സംഭാവന ചെയ്യുന്ന മൊത്ത, ചില്ലറ വ്യാപാരം ഉൾപ്പെടുന്ന മേഖലയാണ് ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത്. കോവിഡിനു ശേഷം യു.എ.ഇ വളരെ വേഗത്തിൽ വളർച്ച കൈവരിക്കുന്നതിന്റെ തെളിവായാണ് ഷാർജയുടെ മുന്നേറ്റത്തെ വിലയിരുത്തപ്പെടുന്നത്.