ദുബായ്: ഉണ്ണിമുകുന്ദന്റെ നിർമ്മാണ കമ്പനിയെ കുറിച്ച് ഷെയ്ൻ അശ്ലീല പരാമർശം നടത്തിയെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ അടക്കമുള്ള വിമർശനം. എന്നാൽ താൻ തമാശയായി പറഞ്ഞതാണെന്നും ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും നടൻ ഷെയ്ൻ നിഗം. ലിറ്റിൽ ഹാർട്ട് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിലാണ് ഷെയ്ൻ തന്റെ നിലപാട് അറിയിച്ചത്. ഇത് വ്യക്തമാക്കികൊണ്ട് ഉണ്ണിമുകുന്ദന് മെസേജും അയച്ചിരുന്നു. ഇത്തരം കാര്യങ്ങളിൽ മറുപടി പറയുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കുമെന്നും ഷെയ്ൻ പറഞ്ഞു. ഒപ്പം കളമശ്ശേരി, ഫലസ്തീൻ ഐക്യദാർഢ്യ പോസ്റ്റുകൾ ചർച്ചയായത് സംബന്ധിച്ച ചോദ്യത്തിന് മാധ്യമങ്ങളോട് മറുപടി പറയവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോസ്റ്റുകൾ ഇടേണ്ടിയിരുന്നില്ല എന്ന് ഒരിക്കലും തോന്നിയിട്ടില്ല. സമൂഹ മാധ്യമങ്ങളിലൂടെ പറയുന്നത് നിലപാട് തന്നെയാണ്. നല്ല ഉദ്ദേശ്യത്തോടെ ചെയ്യുന്ന കാര്യങ്ങൾ സിനിമയെ ബാധിക്കുമെന്ന് തോന്നുന്നില്ല. നല്ല സിനിമ ആളുകൾ കാണും. അല്ലെങ്കിൽ കാണില്ല. എല്ലാ മനുഷ്യരെയും ഒന്നായാണ് കാണുന്നത്. ആരോടും ഒരു വിദ്വേഷവുമില്ല – അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹ മാധ്യമങ്ങളിൽ തന്റെ മാതാവിനെതിരെയുണ്ടായ അധിക്ഷേപങ്ങളെക്കുറിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തന്നെ മട്ടാഞ്ചേരി ഗ്യാങ് എന്ന് വിശേഷിപ്പിക്കുന്നതിൽ അടിസ്ഥാനമില്ല. അങ്ങനെയൊരു ഗ്യാങ്ങിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മട്ടാഞ്ചേരിയിൽ കളിച്ചു വളർന്ന ആളാണ് താനെന്നും ഷെയ്ൻ കൂട്ടിച്ചേർത്തു. പുതുതായി പുറത്തിറങ്ങുന്ന ‘ലിറ്റിൽ ഹാർട്ട്’ സിനിമ സംബന്ധിച്ച് വിശദീകരിക്കാനാണ് ദുബായിൽ വാർത്ത സമ്മേളനം വിളിച്ചുചേർത്തത്. നടി മഹിമ നമ്പ്യാർ, നിർമാതാവ് സാന്ദ്ര തോമസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. ജൂൺ ഏഴിനാണ് ‘ലിറ്റിൽ ഹാർട്ട്’ സിനിമ ഗൾഫ് മേഖലയിൽ റിലീസ് ചെയ്യുന്നത്.