അബൂദബി – യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും കൂടിക്കാഴ്ച നടത്തി. ആരോഗ്യം, സാങ്കേതികവിദ്യ, ഡിജിറ്റലൈസേഷന്, സാമ്പത്തികം, വ്യാപാരം തുടങ്ങി നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഒപ്പം മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ സംഭവവികാസങ്ങളും കൂടിക്കാഴ്ചയില്‍ വിഷയമായി. ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി-20 പ്രവർത്തനം സംബന്ധിച്ചും ഗ്രൂപ്പില്‍ അതിഥി രാജ്യമായി യു.എ.ഇ പങ്കെടുക്കുന്നതിനെക്കുറിച്ചും ഇരുമന്ത്രിമാരും ചര്‍ച്ച ചെയ്തു.
2022 ഫെബ്രുവരിയില്‍ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) മേയ് ഒന്നിന് പ്രാവര്ത്തികമായശേഷം ഇന്ത്യയുടെ യു.എ.ഇയിലേക്കുള്ള പെട്രോളിതര കയറ്റുമതിയില്‍ 14 ശതമാനം വര്‍ധനവുണ്ടായതായി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.
ജി-20ന് ഇന്ത്യ അധ്യക്ഷത വഹിക്കുന്നതിന് യു.എ.ഇ എല്ലാ പിന്തുണകളും നല്‍കുമെന്ന് ശൈഖ് അബ്ദുല്ല വ്യക്തമാക്കി. ഐ2-യു2 ഗ്രൂപ്, ബ്രിക്സ്, ഷാങ്ഹായി സഹകരണ സംഘടന എന്നിവയില്‍ ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.