ദുബായ് – ദുബായ് ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയുടെ മുന്‍ അധ്യക്ഷനും ‘ഗള്‍ഫ് ടുഡെ’ ചീഫ് എഡിറ്ററുമായിരുന്ന പി.വി വിവേകാനന്ദിനെ ഐഎംഎഫ്-ചിരന്തന യുഎഇ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനുസ്മരിച്ചു. മിഡില്‍ ഈസ്റ്റിലെ മാധ്യമ മേഖലയില്‍ മികച്ച സംഭാവനകളര്‍പ്പിച്ച വിവേകാനന്ദ് ഇതര സമൂഹങ്ങളിലും ആദരണീയനായിരുന്നു.
പ്രവാസി ഇന്ത്യന്‍ സമൂഹത്തിന് പ്രതിസന്ധി ഘട്ടങ്ങളില്‍ കൈത്താങ്ങായി മാറി അദ്ദേഹം. സഹജീവികളെ ചേര്‍ത്തു പിടിച്ച് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചുവെന്നും വിയോഗത്തിന്റെ ഒമ്പതാം വാര്‍ഷിക അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഖിസൈസ് കാലിക്കറ്റ് നോട്ട്ബുക്കില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി കോ-ഓര്‍ഡിനേറ്റര്‍ അനൂപ് കീച്ചേരി അധ്യക്ഷത വഹിച്ചു. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ഐഎംഎഫ് മുന്‍ പ്രസിഡന്റ് കെ.പി.കെ വെങ്ങര മുഖ്യ പ്രഭാഷണം നടത്തി.
ചിരന്തന വൈസ് പ്രസിഡന്റ് സലാം പാപ്പിനിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. വിവേകാനന്ദിന്റെ ഭാര്യ ചിത്ര, മകള്‍ വിസ്മയ ആനന്ദ്, സുഹൃത്തുക്കളായ പോള്‍ ടി.ജോസഫ്, രാജേന്ദ്രന്‍, മാധ്യമപ്രവര്‍ത്തകരായ തന്‍സി ഹാഷിര്‍, ഭാസ്‌കര്‍ രാജ്, എം.സി.എ നാസര്‍, എല്‍വിസ് ചുമ്മാര്‍, ജലീല്‍ പട്ടാമ്പി, ടി.ജമാലുദ്ദീന്‍, ശിഹാബ് അബ്ദുല്‍ കരീം, മസ്ഹറുദ്ദീന്‍, തന്‍വീര്‍, അഖില്‍ ദാസ് ഗുരുവായൂര്‍ എന്നിവരും; സിപി ജലീല്‍, അബ്ബാസ് ഒറ്റപ്പാലം, റോജിന്‍ പൈനുംമൂട്, അഡ്വ. സുരേഷ് ഒററപ്പാലം, ഉമ്മര്‍ എന്നിവരും സംസാരിച്ചു. ടി.പി അഷ്‌റഫ് നന്ദി പറഞ്ഞു.