റിയാദ്: സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിയെ വധശിക്ഷയ്ക്ക് വിധേയമാക്കി. പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുൽ ഖാദർ റഹ്മാൻ (63) എന്നയാളെയാണ് വധ ശിക്ഷയ്ക്ക് വിധേയമാക്കിയത്. സൗദി പൗരനായ യൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്നയാളെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുകയായിരുന്ന അബ്ദു റഹ്മാൻ്റെ വധ ശിക്ഷ വ്യാഴാഴ്ച രാവിലെയാണ് നടപ്പിലാക്കിയത്. സൗദി ആഭ്യന്തര മന്ത്രാലയം വാർത്താ കുറിപ്പിലൂടെയാണ് വിവരം അറിയിച്ചത്.
സൗദി ശരീഅ കോടതിയാണ് വധ ശിക്ഷ വിധിച്ചത്. കൊലപാതകം നടന്ന ഉടനെ തന്നെ അബ്ദുറഹ്മാനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വധ ശിക്ഷയിൽ ഇളവ് തേടി പ്രതി സുപ്രീംകോടതിയേയും റോയൽ കോർട്ടിനേയും സമീപിച്ചിരുന്നു. എന്നാൽ കോടതി അപ്പീൽ തള്ളുകയായിരുന്നു.
അബ്ദുറഹ്മാന്റെ വധ ശിക്ഷയ്ക്കൊപ്പം മറ്റൊരു വധ ശിക്ഷയയും നടന്നു. സൗദി വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ആംഫറ്റാമിൻ മയക്ക് ഗുളികകൾ കടത്തിയ കേസിൽ പിടിയിലായ സൗദി പൗരനെയാണ് വധ ശിക്ഷയ്ക്ക് വിധേയനാക്കിയത്.