ഷാർജ: ഷാര്‍ജ മുവൈല ഇന്ത്യ ഇന്റര്‍നാഷണല്‍ സ്കൂള്‍ ക്യാമ്പസാണ് പെയ്സ് എജ്യുക്കേഷന്‍ ഗ്രൂപ്പിന്റെ എട്ടാം ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തിന് വേദിയായത്. 10346 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പുനരുപയോഗ സാധ്യമായ ബാഗുകളില്‍ വൈവിധ്യമാര്‍ന്ന കലാവിഷ്കാരങ്ങളിലൂടെ പുതിയ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ഇന്ത്യ ഇന്റര്‍ നാഷണല്‍ സ്കൂള്‍ ഷാര്‍ജ, ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലീഷ് സ്കൂള്‍ ഷാര്‍ജ, പെയ്സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഷാര്‍ജ, ഡിപിഎസ് സ്കൂള്‍ അജ്മാന്, പെയ്സ് ബ്രിട്ടീഷ് സ്കൂള്‍ ഷാര്‍ജ എന്നീ പെയ്സ് ഗ്രൂപ്പ് കലാലയങ്ങളിലെ വിദ്യാര്‍ഥികളാണ് ഗിന്നസ് നേട്ടം കൈവരിക്കാൻ ഒന്നിച്ചു ചേർന്നത്. വിദ്യാര്‍ഥികള്‍ ഒന്നിച്ചിരുന്ന് ചിത്രങ്ങളൊരുക്കിയ വിഭാഗത്തിലാണ് ഈ നേട്ടം. ഒപ്പം തുടര്‍ച്ചയായ എട്ടാമത്തെ ഗിന്നസ് നേട്ടമാണ് പെയ്സ് ഗ്രൂപ്പ് സ്വന്തമാക്കിയത്. ലോകം നേരിടുന്ന ഏറ്റവും മാരകമായ പ്രശ്നമാണ് ക്യാരിബാഗ് സംസ്കാരം. ഭാരക്കുറവും വിലക്കുറവും ക്യാരി ബാഗുകളുടെ അമിതോപയോഗത്തിന് കാരണമാണ്. എന്നാല്‍ ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷകരമായ പ്ലാസ്റ്റിക് മാലിന്യങ്ങള്ക്കെതിരിലുള്ള ശക്തമായ പോരാട്ടവും ബോധവത്കരണവുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ഒപ്പം പ്ലാസ്റ്റിക് മുക്തവും പരിസ്ഥിതി സൗഹൃദമായ നല്ല ഭാവി ലക്ഷ്യമാക്കി തുണി സഞ്ചി ജനകീയവത്കരിച്ച് പ്ലാസ്റ്റിക്കിന്റെ മായാവലയത്തില്‍ നിന്നും ഭാവിതലമുറയെ മോചിപ്പിക്കണമെന്ന ചിന്തയാണ് ഇത്തരമൊരു ആശയം നടപ്പാക്കിയത്.
ഇന്ത്യയിലും പ്രവാസ ലോകത്തുമായി നിരവധി ബിസിനസ് സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച മലയാളി വ്യവസായിയും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.പിഎ ഇബ്രാഹീം ഹാജിയാണ് പെയ്സ് എജ്യുക്കേഷന്‍ ഗ്രൂപ്പിന് തുടക്കം കുറിച്ചത്. ഇരുപതില്‍ പരം വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പെയ്സ് ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇന്ത്യയിലും കുവൈത്തിലുമായി സ്കൂളുകളും പ്രഫഷനല്‍ കോളജുകളുമുള്‍പ്പെടെ വിവിധ കലാലയങ്ങള്‍ പെയ്സ് ഗ്രൂപ്പിനുണ്ട്.
ഇന്ത്യ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് അഡ്ജുഡിക്കേറ്റര്‍ ഹെമ ബ്രെയിന്‍ ഗിന്നസ് റെക്കോഡ് പ്രഖ്യാപനം നടത്തി. പെയ്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സല്മാന് ഇബ്റാഹീം അധ്യക്ഷനായി. സീനിയര്‍ ഡയറക്ടര്‍ അസീഫ് മുഹമ്മദ്, ഡയറക്ടര്‍മാരായ ലത്തീഫ് ഇബ്രാഹീം, ഷാഫി ഇബ്രാഹീം, അബ്ദുല്ല ഇബ്രാഹീം, അമീന് ഇബ്രാഹിം, സുബൈര്‍ ഇബ്രാഹീം, ബിലാല്‍ ഇബ്രാഹീം, ആദില്‍ ഇബ്രാഹീം, അസി.ഡയറക്ടര്‍ സഫാ അസദ്,സ്കൂള്‍ പ്രിന്‍സിപ്പല്‍മാരായ ഡോ.മഞ്ജു റെജി,ഡോ.നസ്രീന് ബാനു, മുഹ്സിന് കട്ടയാട്ട്, വിഷാല്‍ കഠാരിയ, ജോണ്‍ ബാഗ്വസ്റ്റ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പെയ്സ് എജ്യുക്കേഷന്‍ ഐടി വിഭാഗം മേധാവി റഫീഖ് റഹ്മാന്റെ നേതൃത്വത്തില്‍ മുഷ്താഖ് ഫഹദ്, ദീപക്, ഹാഷിം, ആസിഫ് തുടങ്ങിയവരാണ് ഗിന്നസ് നേട്ടത്തിന്റെ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്.