ദുബായ് – യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈ അന്താരാഷ്ട്ര ബോട്ട് ഷോ സന്ദർശിച്ചു. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ജലഗതാഗത പ്രദർശനമായ ബോട്ട് ഷോയുടെ 29മത് എഡിഷനാണ് ദുബായ് ഹാർബറിൽ പുരോഗമിക്കുന്നത്. മേളയിൽ പ്രദർശിപ്പിച്ച ഏറ്റവും പുതിയതും പ്രധാനവുമായ ബോട്ടുകൾ, യോട്ടുകൾ, കപ്പലുകൾ എന്നിവ സന്ദർശിച്ച ശൈഖ് മുഹമ്മദ് പ്രത്യേകതകൾ ചോദിച്ചറിഞ്ഞു. ബുധനാഴ്ച ആരംഭിച്ച മേള ഞായറാഴ്ച സമാപിക്കും.
ഇത്തവണ ബോട്ട് ഷോയിൽ 175 ജലയാനങ്ങൾ അണിനിരന്നിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 30,000 സന്ദർശകർ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. പ്രശസ്ത സ്ഥാപനങ്ങളായ അസിമുത്, ഫെറാറ്റി, ഗൾഫ് ക്രാഫ്റ്റ്, പ്രിൻസസ്, സാൻ ലെറെൻസോ, സൺറീഫ്, സൺസീകർ ഗൾഫ് തുടങ്ങിയവയുടെ ജലയാനങ്ങൾ ഇത്തവണ അണിനിരന്നിട്ടുണ്ട്. പുതിയ യാനങ്ങളുടെ ലോഞ്ചിങ്ങും ബോട്ട് ഷോയിൽ നടക്കുന്നുണ്ട്. ജലഗതാഗത മേഖലയിലെ നൂതന ആശയങ്ങളും കണ്ടുപിടിത്തങ്ങളും പ്രദർശനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ബോട്ട് ഷോ സന്ദർശനത്തിൽ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം, ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ നഹ്യാൻ എന്നിവരടക്കം പ്രമുഖർ ശൈഖ് മുഹമ്മദിനെ സന്ദർശനത്തിൽ അനുഗമി ച്ചിരുന്നു.