അജ്‌മാൻ – മലയാള ഭാഷയ്ക്ക് ആഗോള പ്രചാരം നല്‍കുന്നതിനായാണ് സംസ്ഥാന സർക്കാർ മലയാളം മിഷന്‍ ക്ലബുകള്‍ ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരിൻറെ തന്നെ കുട്ടിമലയാളം പദ്ധതിയുടെ കീഴില്‍ ലോകത്ത് സ്ഥാപിക്കപ്പെടുന്ന ആദ്യത്തെ മലയാളം ക്ലബിനാണ് വെളളിയാഴ്ച അജ്മാന്‍ ഹാബിറ്റാറ്റ് സ്കൂളില്‍ തുടക്കമായത്. എവിടെ മലയാളി, അവിടെയെല്ലാം മലയാളം എന്നതിലൂന്നി മലയാളം മിഷന്‍ അജ്മാന്‍ ചാപ്റ്ററിന്‍റെ കീഴിലായിരിക്കും ക്ലബ് പ്രവർത്തിക്കുക. മന്ത്രി സജി ചെറിയാന്‍ വിർച്വലായി ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയില്‍ മലയാളം മിഷന്‍ ഡയറക്ടർ മുരുകന്‍ കാട്ടാക്കട ചടങ്ങില്‍ അധ്യക്ഷം വഹിച്ചു. പത്താം ക്ലാസിന് തുല്യമായ ഭാഷാ തത്തുല്യ സർട്ടിഫിക്കറ്റാണ് നീലക്കുറഞ്ഞി കോഴ്സ് പൂർത്തിയാക്കുമ്പോള്‍ കുട്ടികള്‍ക്ക് ലഭിക്കുക. സംസ്ഥാന സർക്കാരിന്‍റെ സാംസ്കാരിക വകുപ്പ് 3 പ്രധാന പദ്ധതികളാണ് മലയാള ഭാഷ പരിപോഷിപ്പിക്കുന്നതിനായി നടപ്പിലാക്കുന്നത്. കുട്ടിമലയാളം (മലയാളം മിഷന്‍ ക്ലബുകള്‍ സ്കൂളുകളിലേക്ക് കൊണ്ടുവരികയെന്നുളളതാണ് ലക്ഷ്യം), ബഹ്റൈനില്‍ നടപ്പിലാക്കുന്ന വിശ്വമലയാളം ( സ്വന്തം ഭാഷയിൽ സാക്ഷരരാകുന്ന ആദ്യ പ്രവാസി സമൂഹമായി മലയാളിയെ മാറ്റുക ലക്ഷ്യം ), അനന്യമലയാളം ( കേരളത്തിലെ അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുക ലക്ഷ്യം) പത്താം ക്ലാസ് വരെയോ ഡിഗ്രി വരെയോമലയാള ഭാഷ പഠിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികള്‍ക്ക് സംസ്ഥാന സർക്കാരിന്‍റെ എൻട്രി കേഡറില പ്രൊബേഷൻ പൂർത്തിയാക്കണമെങ്കില്‍ ഭാഷാപരിജ്ഞാന സർട്ടിഫിക്കറ്റ് അനിവാര്യമാണ്. യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളിലെ നീലക്കുറിഞ്ഞി കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന കുട്ടികള്‍ക്ക് മെട്രിക്കുലേഷന്‍ നിലവാരത്തിലുളള ഭാഷാ പരിജ്ഞാനം അംഗീകരിച്ച് സീനിയർ ഹയർ ഡിപ്ലോമ സർട്ടിഫിക്കറ്റുകള്‍ നല‍്കുമെന്നും മുരുകന്‍ കാട്ടാക്കട പറഞ്ഞു.
ഹാബിറ്റാറ്റ് സ്കൂളിലെ 714 വിദ്യാർത്ഥികളാണ് നിലവില്‍ ക്ലബിലെ അംഗങ്ങള്‍. വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികള്‍ക്ക് മലയാളഭാഷയുമായുളള അടുപ്പം വർദ്ധിപ്പിക്കുന്നതിന് ആരംഭിച്ച കുട്ടിമലയാളത്തിനും അതിലൂടെ നീലക്കുറിഞ്ഞി കോഴ്സിനും വിദ്യാർത്ഥികളെ സജ്ജരാക്കാൻ സ്കൂളിലെ മലയാളം മിഷന്‍ ക്ലബിന് സാധിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ഷംസു സമാൻ പറഞ്ഞു. സ്കൂളുകളില്‍ ടൈം ടേബില്‍ വലിയ വ്യത്യാസം വരുത്താതെ കുട്ടികള്‍ക്ക് മലയാളം കൂടി പഠിക്കാനുളള സൗകര്യമൊരുക്കുകയാണ് ക്ലബിലൂടെ ഹാബിറ്റാറ്റ് സ്കൂള്‍. അത്തരം മാതൃക മറ്റ് സ്കൂളുകളിലേക്ക് കൂടി വ്യാപിപിക്കാനാണ് ലക്ഷ്യമിടുന്നത്.
പത്താം ക്ലാസ് കഴിഞ്ഞ മലയാളം പഠിപ്പിക്കാൻ താല്‍പര്യമുളളവർക്ക് കുട്ടികളെ പഠിപ്പിക്കാനായി മലയാളം മിഷന്‍റെ ഭാഗമാകാം. അധ്യാപകർ തികച്ചും സേവനമെന്ന രീതിയിലാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഒരു വർഷം അധ്യാപനം പൂർത്തിയാക്കുന്നവർക്ക് സംസ്ഥാന സർക്കാരിന്‍റെ തിരിച്ചറിയല്‍ കാർഡ് നല്‍കും.കേരളത്തില്‍ വരുമ്പോള്‍ ഏത് ഓഫീസിലും സർക്കാരിന്‍റെ ഭാഗമാണെന്ന രീതിയില്‍ തിരിച്ചറിയല്‍ കാർഡ് ഉപയോഗിക്കാനാകും.5 വർഷം പൂർത്തിയാക്കുന്നവരെ മലയാണ്‍മയെന്ന അന്തർദേശീയ ഭാഷാദിനത്തില്‍ ആദരിക്കും. മുഖ്യമന്ത്രി പ്രശസ്തി പത്രവും ഫലകവും നല്‍കും. അതോടൊപ്പം തന്നെ 5 വർഷം പൂർത്തിയാക്കുന്നവർക്ക് പ്രവാസി ക്ഷേമവേദിയിലെ അംഗത്വം നല്‍കുകയും അംഗത്വ ഫീസ് മലയാളം മിഷന്‍ അടയ്ക്കുകയെന്നതു സംബന്ധിച്ചുളള ചർച്ചകളും പുരോഗമിക്കുകയാണെന്നും മുരുകന്‍ കാട്ടാക്കട പറഞ്ഞു. ചടങ്ങിന് ശേഷം ക്ലബ് അംഗങ്ങളുമായി അദ്ദേഹം സംവദിച്ചു. ആദില്‍ (സിഇഒ,അക്കാദമിക്സ് ഹാബിറ്റാറ്റ് സ്കൂള്‍), കെ എല്‍ ഗോപി (മലയാളം മിഷന്‍ യുഎഇ കോർഡിനേറ്റർ), ബാലാ റെഡ്ഢി അമ്പാട്ടി (പ്രിൻസിപ്പൽ, ഹാബിറ്റാറ്റ് സ്കൂൾ, അൽ ജർഫ്) ജാസിം (മലയാളം മിഷന്‍ അജ്മാന്‍ ചാപ്റ്റർ സെക്രട്ടറി)തുടങ്ങിയവരും വാർത്താസമ്മേളനത്തില്‍ സംബന്ധിച്ചു.