ദുബായ് – ഭക്ഷ്യവിപണന സംസ്കരണരംഗത്തെ ഇന്ത്യൻ ബ്രാൻഡായ ലുലു ഹൈപ്പർ മാർക്കറ്റ് തങ്ങളുടെ സേവനം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിങ് മാളായ ദുബൈ മാളിലേക്കുകൂടി വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച കരാറിൽ എമാർ പ്രോപ്പർട്ടീസ് ചെയർമാൻ ജമാൽ ബിൻ താനിയയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും കഴിഞ്ഞ ദിവസം ഒപ്പ് വെച്ചു.
ദുബൈ മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുടങ്ങുന്നതിന് എമാർ ഗ്രൂപ്പുമായി സഹകരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. ഡൗൺ ടൗണിലും സമീപ പ്രദേശങ്ങളിലുമായി വസിക്കുന്ന താമസക്കാർക്കും സന്ദർശകർക്കുമായി ഏറ്റവും മികച്ചതും ആധുനിക രീതിയിലുള്ളഷോപ്പിംഗ് അനുഭവമായിരിക്കും ലുലു നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുർജ്ജ് ഖലീഫയോട് ചേർന്ന് അഞ്ച് ലക്ഷത്തിൽപ്പരം സ്ക്വയർ മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ദുബൈ മാൾ ലോകോത്തര ബ്രാൻഡുകളുടെ കേന്ദ്രം കൂടിയാണ്. എമാർ പ്രോപ്പർട്ടീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിത് ജയിൻ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം, എമാർ മാൾസ് സി.ഇ.ഒ വാസിം അൽ അറബി എന്നിവരും കരാർധരണയിൽ സന്നിഹിതരായിരുന്നു. അടുത്ത വർഷം ഏപ്രിലിൽ ലുലു ദുബൈ മാളിൽ തങ്ങളുടെ പ്രവർത്തനം ആരംഭിക്കും.