Gulf UAE

ദുബായ് കണ്ണൂര്‍ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന കണ്ണൂര്‍ മഹോത്സവം ശനിയാഴ്ച തുടക്കം

Written by themediatoc

ദുബായ് കണ്ണൂര്‍ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന കണ്ണൂര്‍ മഹോത്സവം ശനിയാഴ്ച തുടക്കം

ദുബായ് – യുഎഇയിലെ കണ്ണൂരുകാരുടെ സമ്പൂര്‍ണ സംഗമത്തിന് വേദിയൊരുക്കി ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന കണ്ണൂര്‍ മഹോത്സവം മെഗാ ഇവന്റ് നവംബര്‍ 19, 20 തീയതികളില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പത്തിലേറെ സെഷനുകളിലായി നടക്കുന്ന പരിപാടികളില്‍ ഗള്‍ഫിലെയും നാട്ടിലെയും സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-സിനിമാ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ അതിഥികളായെത്തും. രണ്ടു ദിവസത്തെ മുഴുനീള പരിപാടികളില്‍ നാട്ടിലെയും ഗള്‍ഫിലെയും പ്രമുഖ ബ്രാന്‍ഡുകളുടെയും സേവന ദാതാക്കളുടെയും സ്റ്റാളുകള്‍ വഴി നിരവധി ഓഫറുകളും ഡിസ്‌കൗണ്ട് വൗച്ചറുകളും ലഭ്യമാകും. രണ്ടു ദിവസത്തെയും പരിപാടികളില്‍ പ്രവേശനം സൗജ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.

19ന് ശനിയാഴ്ച രാവിലെ 10.30ന് ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ അബ്ദുള്ള സുല്‍ത്താന്‍ അല്‍ ഉവൈസി മഹോത്സവം ഉദ്ഘാടനം ചെയ്യും. കണ്ണൂരിന്റെ സാംസ്‌കാരിക ചിത്ര ചരിത്ര പ്രദര്‍ശനവും എക്‌സിബിഷന്‍ സ്റ്റാളുകളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. വിവിധ സംഘടനാ പ്രതിനിധികളും നേതാക്കളും സംബന്ധിക്കും. 19ന് ഉച്ച 2 മുതല്‍ വിദ്യാര്‍ത്ഥികളുടെ പെയിന്റിംഗ് മത്സരങ്ങള്‍, കുട്ടി ഷെഫ് മത്സരം, വനിതകളുടെ പാചക-കേക്ക് മത്സരങ്ങള്‍, മെഹന്തി മത്സരം എന്നിവ നടക്കും. വൈകുന്നേരം 6 മുതല്‍ വനിതാ സമ്മേളനം. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് നടക്കുന്ന ഇന്‍ഡോ-അറബ് സാംസ്‌കാരിക സന്ധ്യയില്‍ സംഗീത വിരുന്നും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

നവംബര്‍ 20ന് ഞായര്‍ രാവിലെ 11 മണിക്ക് നടക്കുന്ന മുഖ്യ ധാരാ പ്രാദേശിക സംഘടനകളുടെ സൗഹൃദ സംഗമത്തില്‍ ഗള്‍ഫിലെ വിവിധ ഡിപാര്‍ട്ട്‌മെന്റ് മേധാവികളും നോര്‍ക പ്രതിനിധികളും സംബന്ധിക്കും. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള മഹല്ല്-ക്ഷേത്ര കമ്മിറ്റികള്‍, സാംസ്‌കാരിക-കായിക കൂട്ടായ്മകള്‍ ഉള്‍പ്പെടെ നൂറിലേറെ സംഘടനകളുടെ ഭാരവാഹികള്‍ പരിപാടിയില്‍ അതിഥികളായെത്തും. ഉച്ച 2 മണിക്ക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള അലുംനികാമ്പസ് മീറ്റ് നടക്കും. നാട്ടില്‍ നിന്നുള്ള നേതാക്കളും ഗള്‍ഫിലെ കാമ്പസ് പ്രതിനിധികളും ഇതില്‍ സംബന്ധിക്കും.

വൈകുന്നേരം 4 മണിക്ക് നടക്കുന്ന ബിസിനസ് കോണ്‍ക്‌ളേവില്‍ മോട്ടിവേഷന്‍ സ്പീക്കറും തിരുവന്തപുരത്തെ മാജിക്കല്‍ സയന്‍സസ് അക്കാദമി ചെയര്‍മാനുമായ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുക്കും. കണ്ണൂരുകാരായ നാനൂറിലേറെ സംരംഭകര്‍ പരിപാടിയില്‍ പങ്കെടുക്കും. ഡോ. എം.കെ മുനീര്‍ എംഎല്‍എ, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ, ഗള്‍ഫിലെയും നാട്ടിലെയും സംരംഭക സാരഥികള്‍ ചടങ്ങില്‍ പങ്കെടുക്കും.

വൈകുന്നരം 6 മുതല്‍ നടക്കുന്ന സമാപന സാംസ്‌കാരിക സംഗമത്തില്‍ ഡോ. എം.കെ മുനീര്‍, യുവനടി അനു സിതാര, രാഷ്ട്രീയ-സാംസകാരിക നേതാക്കള്‍, ഗോപിനാഥ് മുതുകാട് എന്നിവര്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ മുദ്ര ചാര്‍ത്തിയവരെ ചടങ്ങില്‍ ആദരിക്കും. മലയാള സിനിമാ, സംഗീത മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന കണ്ണൂര്‍ ഷരീഫ്, നാരായണി ഗോപന്‍, അക്ബര്‍ ഖാന്‍, വേദമിത്ര, ക്രിസ്റ്റകല എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നും ഉണ്ടാകും. വിവിധ കലാപരിപാടികളും അരങ്ങേറും. പരിപാടിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ 25% ഡിസ്‌കൗണ്ട് ലഭിക്കാവുന്ന പ്രിവിലേജ് കാര്‍ഡുകള്‍ ലഭ്യമാക്കുന്നതാണ്.

വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പി.കെ ഇസ്മായില്‍, ഫസ്റ്റ് ഷിപ്പിംഗ് മാനേജിംഗ് ഡയറക്ടര്‍ ജമീല്‍ മുഹമ്മദ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ റഈസ് തലശ്ശേരി, കോഓര്‍ഡിനേറ്റര്‍ റഹ്ദാദ് മൂഴിക്കര, ജില്ലാ കെഎംസിസി പ്രസിഡണ്ട് ടി.പി അബ്ബാസ് ഹാജി, ട്രഷറര്‍ കെ.വി ഇസ്മായില്‍, പ്രചാരണ സമിതി ചെയര്‍മാന്‍ റഫീഖ് കല്ലിക്കണ്ടി, പി.വി മുഈനുദ്ദീന്‍, പി.വി ഇസ്മായില്‍, സമീര്‍ വേങ്ങാട് എന്നിവര്‍ പങ്കെടുത്തു.

About the author

themediatoc

Leave a Comment