ദുബായ് – മലയാളികളായ ഗൾഫ് എഴുത്തുകാർക്കായി സാഹിത്യ ക്യാമ്പുകൾ, ഏക ദിനശിൽപ ശാലകൾ, പ്രസിദ്ധരായ എഴുത്തുകാരുമായുള്ളു മുഖാമുഖ ചർച്ചകൾ എന്നിവ സംഘടിപ്പിക്കുമെന്ന് ഐവറി ബുക്ക്സ് അധികൃതർ അറിയിച്ചു. കേരളത്തിലെ പ്രസാധനത്തിന് പുറമേ ഐവറി യു എ ഇ ലേക്കും ചുവടു വെക്കുകയാണ്. ഇത്തവണ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പവലിയൻ സ്ഥാപിച്ചിട്ടുണ്ട്.
പ്രവാസലോകത്തേക്കുള്ള ആദ്യപടിയായി ഷാർജ പബ്ലിഷിങ്ങ് സിറ്റി ഫ്രീസോണിൽ രജിസ്റ്റർ ചെയ്ത് ഒരു ഓഫീസ്സ് തുടങ്ങി. ഗൾഫ് മേഖലയിലേ എഴുത്തുകാരെ പ്രവാസി എഴുത്തുകാർ എന്ന് മാത്രം ഒതുങ്ങി നിൽക്കുന്ന അവസ്ഥ മാറ്റി മലയാളി എഴുത്തുകാർ എന്ന രീതിയിൽ മുഖ്യധാരയിലേക്ക് കൊണ്ട് വരുകയെന്നതാണ് ഐവറി ബുക്സിന്റെ ലക്ഷ്യം. ഇതിലുടെ ഗൾഫ് എഴുത്തുകാരുടെ പുസ്തകങ്ങൾ നല്ല രീതിയിൽ എഡിറ്റിങ്ങും ഫ്രൂഫ് റീഡിങ്ങും നടത്തി, മികച്ച നിലയിൽ പ്രസിദ്ധീകരിക്കുവാനും ഐവറി ബുക്സ് ഉദ്ദേശിക്കുന്നു.
പുസ്തകോത്സവത്തിൽ 6-7-8 തിയതികളിൽ വൈകുന്നേരം 6 മണിയോടെ ഐവറി ബുക്സിന്റെ സ്റ്റാളിൽ പ്രസിദ്ധ സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് നയിക്കുന്ന “ഗൾഫനുഭവങ്ങൾ പറയൂ,കേൾക്കൂ” എന്ന സംവാദ പരിപാടിയിലൂടെ കാൽ നൂറ്റാണ്ടിലേറെയായി ഗൾഫിൽ പ്രവാസി ജീവിതം നയിക്കുന്ന വ്യക്തികളുടെ ഗൾഫനുഭവം കേട്ട് ഡോക്കുമെൻറ് ചെയ്യുകയും,ശിഹാബുദ്ദീൻ എഡിറ്റ് ചെയ്ത് അതൊരു ബൃഹത്ത് പുസ്തകമാക്കി ഇറക്കുകയും ചെയ്യുമെന്നും അറിയിച്ചു. സി ഇ ഒ പ്രവീൺ വൈശാഖൻ ,ഷാർജ ഓഫീസ് പ്രതിനിധി ഹുസേഫ ഫക്രുദീൻ, ലോക കേരള സഭാ അംഗം പി പത്മനാഭൻ എന്നിവർ ദുബായിൽ നടത്തിയ പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.