ദുബായ് – ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷ്വറൻസ് ഏർപെടുത്തിയ സർക്കാർ നടപടി ജീവനക്കാർക്ക് തികഞ്ഞ ആത്മ വിശ്വാസത്തോടെ ജോലി ചെയ്യുന്നതിന് വഴിയൊരുക്കുനത്തോടൊപ്പം തൊഴിൽ മേഖലക്കും ഉണർവാകും. സാധാരണ പ്രവാസലോകത്തു പ്രത്യേകിച്ച് യു.എ.ഇയിൽ ജോലി നഷ്ടപ്പെടുന്നവർ പ്രതിസന്ധിയിലാകുന്നതാണ് പതിവ്. താമസം, ഭക്ഷണം പോലുള്ളവക്ക് ചെലവ് കൂടുതലായതിനാൽ പലരും വിസ കാൻസലാകുന്നതോടെ നാട്ടിലേക്ക് തിരിക്കുകയാണ് പതിവ്. എന്നാൽ, ഇൻഷ്വറൻസ് നടപ്പാക്കുന്നതോടെ മൂന്ന് മാസം കൂടി യു.എ.ഇയിൽ പിടിച്ചുനിന്ന് പുതിയ ജോലി കണ്ടെത്താൻ ആശ്വാസമാകും.
ഇപ്രകാരം രണ്ട് തരം ഇൻഷ്വറൻസാണ് അവതരിപ്പിക്കുന്നത്. 16,000 ദിർഹം വരെ അടിസ്ഥാന ശമ്പളമുള്ളവർക്ക് മാസത്തിൽ അഞ്ച് ദിർഹം വീതം അടച്ച് ഇൻഷ്വറൻസിൽ ചേരാം. അല്ലെങ്കിൽ വർഷത്തിൽ 60 ദിർഹം അടക്കണം. 16,000 ദിർഹമിന് മുകളിൽ അടിസ്ഥാന ശമ്പളമുള്ളവർ മാസം 10 ദിർഹം വീതമോ വർഷത്തിൽ 120 ദിർഹമോ പ്രീമിയം അടക്കണം. മാസത്തിലോ 3, 6, 9 മാസം കൂടുമ്പോഴോ പ്രീമിയം അടക്കാനും സൗകര്യമുണ്ട്. ജീവനക്കാരാണ് ഇൻഷ്വറൻസ് തുക അടക്കേണ്ടത്, സ്ഥാപനമല്ല. ശമ്പളം 16,000 ദിർഹമിൽ താഴെയുള്ളവർക്ക് പരമാവധി പ്രതിമാസം 10,000 ദിർഹമാണ് ഇൻഷ്വറൻസായി ലഭിക്കുക.
ജോലി പോയാൽ മൂന്ന് മാസം വര ശമ്പളത്തിന്റെ 60 ശതമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി. ജീവനക്കാർക്ക് മാസം അഞ്ച് ദിർഹം മുതൽ പ്രീമിയം അടച്ച് ഇൻഷ്വറൻസിന്റെ ഭാഗമാകാം. ഇതോടെ നിലവിലെ സ്വകാര്യ, ഫെഡറൽ സർക്കാർ ജീവനക്കാർക്കും ഈ പരിരക്ഷ ഇനിമുതൽ ഉപകാരപ്രദമാവും.
അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമാണ് ഇൻഷ്വറൻസ് തുകയായി കണക്കാക്കുന്നത്.അതായത് 16,000 ദിർഹമിന് മുകളിലുള്ളവർക്ക് പരമാവധി 20,000 ദിർഹം ലഭിക്കും. ജോലി നഷ്ടപ്പെട്ട് മൂന്ന് മാസം വരെയാണ് ഈ ഇൻഷ്വറൻസ് തുക ലഭിമാവുക. എന്നാൽ ഇക്കാലയളവിനിടെ പുതിയ ജോലി ലഭിക്കുകയോ രാജ്യം വിടുകയോ ചെയ്താൽ പിന്നീട് തുക ലഭിക്കില്ല. സ്മാർട്ട് ആപ്ലിക്കേഷൻ, ഇൻഷ്വറൻസ് പൂളിന്റെ ഇ-പോർട്ടൽ, കോൾ സെന്റർ എന്നിവ വഴി ജീവനക്കാർക്ക് അപേക്ഷകൾ സമർപ്പിക്കാം. ജോലി നഷ്ടപ്പെട്ട് 30 ദിവസത്തിനുള്ളിൽ ഇതിനായുള്ള അപേക്ഷ സമർപ്പിക്കണം. എന്നാൽ രണ്ടാഴ്ചക്കുള്ളിൽ തുക ലഭിച്ച് തുടങ്ങും.
ഇൻഷ്വറൻസ് പൂളിന്റെ വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ, എ.ടി.എം, കിയോസ്ക് മെഷീൻ, ബിസിനസ് സെന്റർ, മണി എക്സ്ച്ഛയ്ജുകൾ, ഡു, ഇത്തിസാലാത്ത്, എസ്.എം.എസ് തുടങ്ങിയ സംവിധാനങ്ങൾ വഴി ഉപഭോക്താക്കൾക്ക് സ്കീമിൽ ചേരാം.