Breaking News Featured Gulf UAE

യു എ ഇയിൽ വിവാഹിതരാകണമെങ്കിൽ പരിശോധന നിർബന്ധം; നിയമം 2025 മുതൽ പ്രാബല്യത്തിൽ

Written by themediatoc

അബുദാബി: വിവാഹിതരാകുന്നവർക്ക് 2025 മുതൽ ജനിതക പരിശോധന നിർബന്ധമാക്കി യുഎഇ. നിർബന്ധിത വിവാഹപൂർവ്വ പരിശോധനയുടെ ഭാഗമായാണ് യുഎയിലെ എല്ലാ പൗരന്മാർക്കും ജനിതക പരിശോധനയും നിർബന്ധമാക്കുന്നത്. പൗരന്മാരും പ്രവാസികളും ഉൾപ്പെടെയുള്ള ദമ്പതികൾക്ക് വിവാഹപൂർവ്വ വൈദ്യ പരിശോധന നിർബന്ധിതമായിരുന്നുവെങ്കിലും വിവാഹത്തിന് മുൻപായുള്ള ജനിതക പരിശോധന ഇഷ്ടമുള്ളവർ മാത്രം ചെയ്താൽ മതിയായിരുന്നു. ഇതിലാണിപ്പോൾ മാറ്റം വന്നിരിക്കുന്നത്.

എമിറേറ്റിന്റെ ജീനോം കൗൺസിലിന്റെ തീരുമാനത്തിന് യുഎഇ സർക്കാർ അംഗീകാരം നൽകിയിരിക്കുകയാണ്. 570ൽ അധികം ജനിതക മാറ്റങ്ങൾ ജനിതക പരിശോധനയിലൂടെ കണ്ടെത്താനാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇത്തരം ‘മ്യൂട്ടേഷനുകൾ’ കാർഡിയോമയോപതി, ജനറ്റിക് എപ്പിലെപ്‌സി, സ്‌പൈനൽ മസ്‌കുലാർ അസ്‌ട്രോഫി, കേൾവി തകരാർ, സിസ്റ്റിക് ഫൈബ്രോസിസ്, ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്ത മറ്റ് മാരകരോഗങ്ങൾ എന്നിവയിലേയ്ക്ക് നയിക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

ദേശീയ ജനിതക ഡാറ്റാബേസ് നിർമിക്കുകയും അതിലൂടെ നേരത്തെ തന്നെ ജനിതക രോഗങ്ങൾ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയും ചെയ്യുകയാണ് പുതിയ പരിശോധനാ നിർദേശത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാരിന്റെ പുതിയ തീരുമാനം ആരോഗ്യമേഖലയിൽ വലിയ മാറ്റത്തിലേയ്ക്ക് നയിക്കുമെന്ന് ആരോഗ്യ, പ്രതിരോധ വകുപ്പ് വ്യക്തമാക്കുന്നു. ഇതിലൂടെ സുസ്ഥിര വികസനവും മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പാക്കാൻ സാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.വിവാഹപൂർവ ജനറ്റിക് പരിശോധന നടപ്പിലാക്കുന്നതിനായി ആവശ്യമായ മെഡിക്കൽ സ്റ്റാഫുകൾ, വിദഗ്ദ്ധ സേവനം, മാർഗനിർദേശങ്ങൾ, സാങ്കേതിക സഹായം തുടങ്ങിയവ ലഭ്യമാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

About the author

themediatoc

Leave a Comment