ദുബായ് – യു.എ.ഇ ആതിഥ്യമരുളുന്ന പ്രഥമ ഇന്‍റർനാഷനൽ ലീഗ് ട്വന്‍റി 20 ചാമ്പ്യൻഷിപ്പ് യു.എ.ഇ ക്രിക്കറ്റിന് കരുത്ത് പകരുമെന്ന് വെസ്റ്റിൻഡീസ് താരങ്ങളായ കീറൺ പൊള്ളാഡും ഡ്വൈൻ ബ്രാവോയും. ജെ.ബി.എസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ആസ്ഥാനമായ ജെ.ബി.എസ് ഗവൺമെന്‍റ് ട്രാൻസക്ഷൻ സെന്‍ററിൽ ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു ഇരുവരും.
നിരവധി യുവതാരങ്ങളുള്ള നാടാണ് യു.എ.ഇ. ഇവർക്ക് ക്രിക്കറ്റിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഈ ചാമ്പ്യൻഷിപ്പ് ഉപകാരപ്പെടും. മികച്ച പരിശീലകരുടെ കീഴിൽ പരിശീലനം നടത്താൻ അവർക്ക് അവസരം ലഭിക്കും. യു.എ.ഇയുടെ ഗോൾഡൻ വിസ കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതാണ്. ഇവിടെയുള്ള കായിക മേഖലയെ പ്രോൽസാഹിപ്പിക്കാൻ ഇത് ഉപകരിക്കുമെന്നും ഇരുവരും പറഞ്ഞു. വരും ലോകകപ്പിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ വെസ്റ്റിൻഡീസ് ടീമിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കിറോൺ പൊള്ളാഡ് വ്യക്തമാക്കി. ചെന്നൈയുടെ ബൗളിങ് കോച്ച് എന്നത് കൂടുതൽ ഉത്തരവാദിത്വം നൽകുന്നുവെന്നും യുവ ബൗളർമാരെ പ്രചോദിപ്പിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തമെന്നും ബ്രാവോ പറഞ്ഞു.
യു.എ.ഇയിലെ പ്രശസ്ത ബിസിനസ് സെറ്റപ്പ് സ്ഥാപനമായ ജെ.ബി.എസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ആസ്ഥാനമായ ജെ.ബി.എസ് ഗവണ്മെന്‍റ് ട്രാൻസക്ഷൻ സെന്‍ററിൽ ഗോൾഡൻ വിസ സ്വീകരിക്കുന്നതിന് എത്തിയ താരങ്ങൾക്ക് ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് തുടങ്ങി 5000 ത്തിൽ അധികം പേരെ യു.എ.ഇയിൽ എത്തിച്ച് ഗോൾഡൻ വിസ നേടികൊടുത്ത സ്ഥാപനമാണ് ജെ ബി എസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്. പൊള്ളാഡിനും ബ്രാവോക്കും ജെ.ബി.എസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ.ഒയും ഫൗണ്ടറുമായ ഡോ. ഷാനിദ് ബിൻ മുഹമ്മദ് ഗോൾഡൻ വിസ കൈമാറി. യു എ എ യുടെ മണ്ണിലേക്ക് 5000 ഇൽ അധികം 10 വർഷത്തെ റെസിഡൻസ് വിസാക്കാരെ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷവുമുണ്ടെന്ന് ഷാനിദ് ബിൻ മുഹമ്മദ് പറഞ്ഞു. അബ്ദുള്ള നൂറുദ്ധീൻ, അബ്ദു രഹിമൻ മാത്തിരി, അസീസ് അയ്യൂർ, അജിത് ഇബ്രാഹിം, മഞ്ജീന്ദർ സിംഗ് എന്നിവരും പങ്കെടുത്തു.