ഷാര്‍ജ – പ്രത്യയശാസ്ത്രപരമായ രാഷ്ട്രീയ മൂല്യങ്ങള്‍ സമൂഹത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നതായി എഴുത്തുകാരന്‍ സി.വി ബാലകൃഷ്ണന്‍. പൊളിറ്റിക്‌സ് ഈസ് ദ ഡേര്‍ട്ടി ബിസിനസ്-എന്ന് ചിന്തിക്കേണ്ട അവസ്ഥയാണിന്ന്. രാഷ്ട്രീയത്തില്‍ ഇടപെടുന്നവരുടെ സത്യസന്ധതയില്‍ സംശയിക്കേണ്ടിയിരിക്കുന്നു. സത്യസന്ധനായ ഒരു രാഷ്ട്രീയക്കാരന്‍ എന്നത്, സത്യന്ധനായ മോഷ്ടാവെന്ന് പറയുന്ന പോലെ അസംഭവ്യമായ കാര്യമാണിന്ന്. ഒരുകാലത്ത് ആദര്‍ശപരതയും രാഷ്ട്രീയബോധവുമുള്ള ആളുകളുണ്ടായിരുന്നു. ത്യാഗസന്നദ്ധരുണ്ടായിരുന്നു, ആ കാലമൊക്കെ കടന്നുപോയി. ഇപ്പോള്‍ ആദര്‍ശപരതയും ത്യാഗസന്നദ്ധതയും പിന്‍വാങ്ങി കഴിഞ്ഞു. ഇടതുപക്ഷ മൂല്യങ്ങള്‍ എന്നത് ഇന്ന് നമ്മുടെ സമൂഹത്തില്‍ ഒട്ടുമില്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും സി.വി ബാലകൃഷ്ണന്‍ പറഞ്ഞു.
41മത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ വായനക്കാരുമായി സംവദിക്കുകയായിരുന്നു സി.വി ബാലകൃഷ്ണന്‍. സോവ്യറ്റ് യൂണിയന്റെ പ്രത്യയശാസ്ത്രത്തോട് ഒരുകാലത്ത് അടുപ്പം തോന്നിയിരുന്നു. പിന്നീട് അത് ശരിയല്ലെന്ന് മനസ്സിലായി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് മുമ്പ് എഴുതിയതാണ് ശൈത്യം എന്ന കഥ. ഇത് തകരുന്നതിന്റെ സൂചനകള്‍ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. വളരെ മൂഢമായ ആളുകള്‍ മാത്രമാണ് സോവിയറ്റ് യൂണിയന്റെ ഭദ്രതയെക്കുറിച്ച് പറഞ്ഞിരുന്നത്. അക്കാലത്ത് സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചവര്‍ പലരും അവിടുത്തെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയിരുന്നില്ല. കണ്ടവര്‍ പറഞ്ഞതുമില്ല. വിപ്ലവം വലിയൊരു മിഥ്യയായിരുന്നുവെന്ന് പിന്നീട് ലോകം കണ്ടു. എന്തിനെയാണ് പ്രത്യയശാസ്ത്രമെന്ന് വിളിക്കുക. ഇപ്പോള്‍ ലോകത്ത് നടക്കുന്ന ഏറ്റവും അസംബന്ധമായ കാര്യമാണ് റഷ്യ ഉക്രൈയിനിനോട് ചെയ്യുന്നത്. ഇത്രയും പരിഷ്‌കൃതമായ ലോകത്താണ് ഇത് നടക്കുന്നത്. പുടിന്‍ ഭരിക്കുന്ന റഷ്യ എന്ന രാജ്യം കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വളര്‍ന്നുവന്നതാണ്. അവരില്‍ നിന്നും വേറിട്ട് പോയവരാണ് ഉക്രൈന്‍. ലോകമഹായുദ്ധങ്ങള്‍ നടക്കുമ്പോള്‍ ലോകം ഇത്രയൊന്നും പുരോഗതി പ്രാപിച്ചിരുന്നില്ല. സാങ്കേതികമായും മറ്റും പുരോഗതി പ്രാപിച്ച രാജ്യമാണ് ഉക്രൈന്‍. കേരളത്തില്‍ നിന്നും എത്രയോ വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കാന്‍ പോവുന്നു. അവിടെയുള്ള ചരിത്രശേഷിപ്പുകള്‍ ബോംബിട്ട് തകര്‍ക്കുകയാണ്-സി.വി പറഞ്ഞു.
ഇന്ത്യയില്‍ നടക്കുന്ന മേല്‍ക്കോയ്മ ആശങ്കപ്പെടേണ്ടത് തന്നെയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുഎപിഎ പോലുള്ള കിരാതമായ നിയമങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇത് രാജ്യത്തിന്റെ ഭദ്രക്ക് വേണ്ടിയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇതേ കിരാത നിയമം തന്നെയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും നടപ്പാക്കുന്നത്. കോഴിക്കോടുള്ള രണ്ട് യുവാക്കളെ ലഘുലേഖ കൈയ്യില്‍ വെച്ചുവെന്ന കുറ്റത്തിനാണ് യുഎപിഎ ചുമത്തിയത്. കൈയ്യില്‍ ഒരു പുസ്തകം വെച്ചാല്‍ വരെ പ്രശ്‌നമാണ്. ഇങ്ങനെയുള്ള രാജ്യത്ത് ജനാധിപത്യം എന്നൊക്കെ പറയുന്നത് വളരെ പരിഹാസ്യമായ കാര്യമാണ്. പ്രത്യേക രാഷ്ട്രീയ വീക്ഷണത്തിന്റെ പേരിലല്ല ഇത്തരം കാര്യങ്ങള്‍ വിലയിരുത്തുന്നത്. ഇതൊക്കെ മനുഷ്യാവകാശ ലംഘനമായി കാണണം. അധികാരത്തിലിരിക്കുന്ന ആരില്‍ നിന്നും ഇതുണ്ടാവുന്നു.
പ്രത്യയശാസ്ത്രം പറയുന്ന കേരളത്തിലാണ് നക്‌സലേറ്റുകളെന്ന് പറഞ്ഞ് ആളുകളെ വെടിവെച്ച് കൊന്നത്. അധികാരമാണ് ഇവിടെ പ്രശ്‌നം. ഏത് പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ അധികാരത്തില്‍ കയറിയാലും അതിന് ശേഷം എന്ത് പ്രവര്‍ത്തിക്കുന്നുവെന്നതാണ് പ്രശ്‌നം. അധികാരം കിട്ടിയ ശേഷമാണ് സ്റ്റാലിന്‍ അത്രയും ക്രൂരനായി മാറിയത്. ഈ മനുഷ്യത്വ വിരുദ്ധതയെ ഇടതും വലതെന്നും വേര്‍തിരിക്കേണ്ടതില്ല-സി.വി പറഞ്ഞു.