ദുബായ്: അന്താരാഷ്ട്ര സമാധാന പാലനവുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള 2,800ലധികം പേരെ സ്വാഗതം ചെയ്ത് ലോകത്തിലെ ഏറ്റവും വലിയ ഉച്ചകോടിക്ക് ദുബായ് 2025 ഏപ്രിൽ 12, 13 തിയതികളിൽ ദുബായ് എക്സ്പോ സിറ്റി ആതിഥേയത്വം വഹിക്കും. നീതിയിലും സ്നേഹത്തിലും സമാധാനത്തിലും ഊന്നൽ നൽകുന്ന ഉച്ചകോടി, ‘വൺ പ്ലാനെറ്റ്, വൺ വോയ്‌സ്: ഗ്ലോബൽ ജസ്റ്റിസ്, ലവ് ആൻഡ് പീസ്’ എന്ന പ്രമേയത്തിൽ എക്സിബിഷൻ സെന്‍ററിൽ (ഡി.ഇ.സി) ആണ് നടക്കുക. ഐ ആം പീസ് കീപർ മൂവ്മെന്‍റ്’ സംഘടിപ്പിക്കുന്ന ശ്രദ്ധേയമായ ഈ പരിപാടിയിൽ 10 നൊബേൽ സമ്മാന ജേതാക്കൾ, ആഗോള ചിന്തകർ, നയരൂപകർത്താക്കൾ, സംരംഭകർ, സാംസ്കാരിക വ്യക്തിത്വങ്ങൾ, സ്പോർട്സ് ചാംപ‍്യന്മാർ, സമാധാനത്തിന്‍റെയും നീതിയുടെയും വക്താക്കൾ എന്നിവരുൾപ്പെടെ 72 പ്രഗത്ഭർ പ്രഭാഷകരായി പങ്കെടുക്കുക. യു.എ.ഇ സഹിഷ്ണുതാ-സഹവർത്തിത്വ കാര്യ മന്ത്രി ഷെയ്ഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാന്‍റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഉച്ചകോടിയിൽ അദ്ദേഹം മുഖ്യാതിഥിയായിരിക്കും.
ആഗോള നീതി, സ്നേഹം, സമാധാനം എന്ന തലക്കെട്ടിലുള്ള ഉച്ചകോടിയുടെ വിശദാംശങ്ങൾ ‘ഐ ആം പീസ് കീപർ’ പ്രസ്ഥാനത്തിന്‍റെ ചെയർമാൻ ഡോ. ഹുസൈഫ ഖൊറകിവാല ദുബായ് താജ് ഹോട്ടലിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ‘നീതി, സ്നേഹം, സമാധാനം എന്നിവയാൽ നയിക്കപ്പെടുന്ന ഒരു ലോകം വളർത്തിയെടുക്കാൻ ആഗോള ചിന്തകരെ പൊതു വേദിയിൽ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്നും ‘വൺ പ്ലാനെറ്റ്, വൺ വോയ്‌സ്: ഗ്ലോബൽ ജസ്റ്റിസ്, ലവ് ആൻഡ് പീസ്’ എന്ന ആശയത്തിൽ സമാധാന രത്നങ്ങളായ 28 പ്രമുഖർ ശക്തമായ പ്രമേയങ്ങൾക്ക് കീഴിൽ രാജ്യാന്തര പ്രസക്തിയുള്ള ഉച്ചകോടിയിൽ സംബന്ധിക്കുമെന്നും .ഡോ. ഹുസൈഫ ഖൊറകിവാല കൂട്ടിച്ചേർത്തു.
സാർവത്രിക ഐക്യം വളർത്തിയെടുക്കുക എന്ന ദൗത്യത്തിൽ ആഗോള തലത്തിൽ സ്വാധീനമുള്ള വ്യക്തികളെയും നേതാക്കളെയും ഒന്നിപ്പിക്കുമെന്നും ഡോ. ഹുസൈഫ ഖൊറകിവാല വ്യക്തമാക്കി. സഹിഷ്ണുതയ്ക്കും സന്തോഷത്തിനും പ്രത്യേക മന്ത്രാലയങ്ങൾ സ്ഥാപിച്ച ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് യു.എ.ഇ ഇത് ആഗോള ഐക്യം ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾ വളർത്തിയെടുക്കാനുള്ള മികച്ച വേദിയാണ്. യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ 2025നെ ‘സമൂഹ വർഷ’മായി പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് ഉച്ചകോടിയുടെ തുടക്കമെന്നത് ശ്രദ്ധേയമായ കാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. എല്ലാ വർഷവും ദുബായിൽ ഉച്ചകോടി സംഘടിപ്പിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ ഇമ്പാക്ട് മേക്കേഴ്‌സ് അവാർഡുകൾ, നീതി, സമത്വം, കാരുണ്യം, സമാധാനം എന്നീ മേഖലകളിൽ നൽകിയ അസാധാരണ സംഭാവനകൾക്ക് 28 വിശിഷ്ട വ്യക്തികളെയും സംഘടനകളെയും ഉച്ചകോടിയിൽ ആദരിക്കും. 28 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 28 അംഗ അവാർഡ് ഗവേഷണ സമിതി നടത്തുന്ന കണിശമായ വിലയിരുത്തലിലൂടെ നാമനിർദേശം ചെയ്യപ്പെടുന്ന 84 വ്യക്തികളിൽ നിന്നാണ് ഈ ബഹുമതിക്ക് അർഹരായവരെ തെരഞ്ഞെടുക്കുന്നത്.
ജസ്റ്റിസ്, ലവ്, പീസ് എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുന്നത്. നീതി, മനുഷ്യാവകാശം, ലിംഗ സമത്വം, നിയമത്തിലെ അസാധാരണ പൊതുസേവനം, നിയമത്തിലെ മികച്ച പൊതുനന്മയുള്ള സേവനം, മനുഷ്യബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലെ മികവുകൾ, ഭിന്നശേഷിക്കാരിലെ പ്രതിഭകൾ, തൊഴിൽ രംഗത്തെ മികവ്, പാവങ്ങൾക്ക് ഭക്ഷണമെത്തിക്കുന്ന പ്രവർത്തനം, ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യം, ലോക സമാധാന പ്രസ്ഥാനം, മതാന്തര സംവാദം, ലോക അഹിംസാ പ്രവർത്തനം, സാങ്കേതിക നൂതനത്വത്തിലൂടെ സമാധാനം, ജീവിത ചുറ്റുപാട് മെച്ചപ്പെടുത്തൽ, നല്ല അയൽ ബന്ധങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ വിഷയങ്ങളിൽ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികളെ ഈ അവാർഡുകളിലൂടെ ആദരിക്കുന്നു.
2025 സെപ്റ്റംബർ 21നകം ഒരു ദശലക്ഷം സമാധാന പാലകരെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആഗോള സംരംഭമായ ‘ഐ ആം പീസ് കീപർ’ പ്രസ്ഥാനത്തിന്‍റെ തുടക്കം ഉച്ചകോടിയുടെ പ്രധാന ആകർഷണമായിരിക്കും. ലോക സമാധാനം, സാർവത്രിക ഐക്യം, നീതി എന്നിവയിൽ പ്രതിജ്ഞാബദ്ധരായ സന്നദ്ധ പ്രവർത്തകരാണ് ‘ഐ ആം പീസ് കീപർ’ പ്രസ്ഥാനത്തിൽ ഉൾപ്പെടുന്നത് എന്ന് ഡോ. ഖൊറാക്കിവാല വ്യക്തമാക്കി. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: www.justice-love-peace.com