ദുബായ് – യു.എ.ഇയുടെ ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ഭാഗമായി അൽഖുദ്റ പ്രദേശത്തിന് മുകളിലൂടെ നിർമിച്ച ഏറ്റവും വലിയ പാലം നിർമാണം പൂർത്തിയായി. പാലത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം അധികൃതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. യു.എ.ഇയിലുടനീളം ചരക്കുനീക്കത്തിനും, യാത്രക്കാരുടെ സഞ്ചാരത്തിനും ഉപയോഗിക്കുന്നതിനാണ് ഇത്തിഹാദ് റെയിൽപാത നിർമിക്കുന്നത്. അൽഖുദ്റ പാലം പൂർത്തിയായതോടെ എമിറേറ്റിലെ റെയിൽ നിർമാണത്തിന്റെ സുപ്രധാന ഘട്ടമാണ് പിന്നിട്ടത്.
ഇത്തിഹാദ് റെയിലിന്റെ ഭാഗമായ അബൂദബിയിലെ ഖലീഫ തുറമുഖത്തെ ഇത്തിഹാദ് റെയിലിന്റെ പ്രധാന പാതയുമായി ബന്ധിപ്പിക്കുന്ന കടൽപാലം ഈ അടുത്ത കാലത്താണ് പൂർണമായും സജ്ജമായത് ദിവസങ്ങൾക്കു മുമ്പ് അധികൃതർ വെളിപ്പെടുത്തിയിരുന്നു. ഇതോടൊപ്പം തന്നെ കഴിഞ്ഞ വർഷത്തോടെ പാതയുടെ ആകെ 75ശതമാനം പൂർത്തിയായി. വിവിധ എമിറേറ്റുകളിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നിലവിൽ ദുബായ് അടക്കമുള്ള സ്ഥലങ്ങളിൽ അതിവേഗത്തിലാണ് പണികളും മറ്റും പുരോഗമിക്കുന്നത്.
പദ്ധതിയുടെ തുടക്കംമുതൽ പ്രകൃതിസംരക്ഷണം ഉറപ്പുവരുത്താനും പരിസ്ഥിതി, പ്രകൃതിദത്ത ആവാസ വ്യവസ്ഥകളെയും മൃഗങ്ങളെയും സംരക്ഷിക്കാൻ ആസൂത്രണം ചെയ്തിട്ടുണ്ട്. ഒപ്പം അൽ ഖുദ്റയിലൂടെ കടന്നു പോകുന്ന ട്രെയിൻ സർവിസ് ഏറെ സഞ്ചാരികളെ ആകർഷിക്കുന്നതായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റെയിൽപാത നിർമിക്കുന്ന ഭാഗത്തെ മരുഭൂമിയിലെ പ്രാദേശിക വൃക്ഷങ്ങളെയും കുറ്റിച്ചെടികളെയും നശിപ്പിക്കാതെ മാറ്റിനടുന്നതിന് പരിസ്ഥിതി ഏജൻസിയും ഇത്തിഹാദ് റെയിലും നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്.
നിലവിൽ 50 ബില്യൻ ദിർഹം ചെലവ് വകയിരുത്തിയ ഇത്തിഹാദ് പദ്ധതി പൂർത്തിയാകുന്നതോടെ ദുബൈയിൽനിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും. 1200 കിലോമീറ്റർ നീളത്തിൽ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോകുന്നത്. ട്രെയിൻ മണിക്കൂറിൽ 200 കി.മീറ്റർ വേഗത്തിലാണ് കുതിച്ചോടുക. സൗദി അതിർത്തിയിലെ സില മുതൽ രാജ്യത്തിന്റെ കിഴക്കൻ തീരദേശമായ ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ് രാജ്യത്തിന്റെ നാഴികക്കല്ലായി മാറിക്കഴിഞ്ഞ ഇത്തിഹാദ് റെയിൽ പദ്ധതി.