ഷാര്‍ജ – ഇമാറാത്തിന്റെ സൗന്ദര്യ സങ്കല്പം ലളിതവും സുന്ദരവുമാണെന്ന് ലോക പ്രശസ്ത ഫാഷന്‍ ഇല്ലുസ്ട്രേറ്റര്‍ മെഗാന് ഹെസ് പറഞ്ഞു. ലോകത്തൊരിടത്തും കാണാത്ത വസ്ത്ര വൈവിധ്യവും ഫാഷനുമാണ് യുഎഇയിലുള്ളത്. ഫാഷന്‍ ഡിസൈന്‍ മേഖല അതിവിശാലമാണെന്ന് ഡിസൈനറും എഴുത്തുകാരിയുമായ മെഗാന് പറഞ്ഞു. ലോകമെമ്പാടുമുള്ള എഴുത്തുകാരെയും വായനക്കാരെയും കൂട്ടിയോജിപ്പിക്കുന്ന ഷാര്‍ജ പുസ്തകോത്സവം ലോകത്തിന് മാതൃകയാണെന്നും വാഴ്ത്തപ്പെടേണ്ടതാണെന്നും മെഗാന് ഹെസ് പറഞ്ഞു. ഉയര്‍ന്ന ഫാഷന്‍ ഡിസൈനര്‍മാര്‍ക്കും ലക്ഷ്വറി ബ്രാന്‍ഡുകള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന ഒരു ഓസ്ട്രേലിയന്‍ ഫാഷന്‍ ചിത്രകാരിയാണ് മേഗന്.
2008-ല്‍ ഹെസ് ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാം നമ്പര്‍ വില്പന പുസ്തകമായ ‘സെക്സ് ആന്‍ഡ് ദി സിറ്റി’ ക്ക് വേണ്ടി ചിത്രങ്ങള്‍ വരച്ചു. ലോകത്തിലെ ചില മുന്‍നിര ഫാഷന്‍, ഇന്റീരിയര്‍ പ്രസിദ്ധീകരണങ്ങള്‍ക്കും ലോകമെമ്പാടുമുള്ള പരസ്യ കാമ്പയിനുകള്‍ക്കും ചിത്രങ്ങള്‍ തയ്യാറാക്കുന്നു. ന്യൂയോര്‍ക്ക് മുതല്‍ ടോക്കിയോ വരെയുള്ള സ്വകാര്യ ആര്‍ട്ട് കമ്മീഷനുകളിലും ഹെസിന്റെ സിഗ്നേച്ചര്‍ ശൈലി കാണാം.