ദുബായ് – തൊഴിൽ അന്വേഷകർക്കായി യു.എ.ഇ ഗവർമെന്റ് ഏർപ്പെടുത്തിയ പുതിയ വിസാ നിയമമനുസരിച്ചു ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികൾക്ക് ഇനിമുതൽ 60, 90, 120 ദിവസ വിസ ലഭിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്) എന്നിവയിൽനിന്ന് പഠിച്ചിറങ്ങിയവർക്കായിരിക്കും ഇത്തരം ജോബ് എക്സ്പ്ലൊറേഷൻ വിസ ലഭിക്കുക. ഇതോടൊപ്പം ഇതിനു പുറമെ 500 മികച്ച യൂനിവേഴ്സിറ്റികളിൽ പഠിച്ചിറങ്ങിയ വിദ്യാർഥികൾക്കും ഈ പുതിയ വിസ നിയമം ഉപകരിക്കും.
90 ദിവസത്തെ സന്ദർശക വിസ യു.എ.ഇ നിർത്തലാക്കിയതോടെ ജോലി അന്വേഷകർക്ക് 90 ദിവസം ഒരേ വിസയിൽ യു.എ.ഇയിൽ നിൽക്കണമെങ്കിൽ ഇനിമുതൽ ജോബ് എക്സ്പ്ലൊറേഷൻ വിസ എടുക്കേണ്ടിവരും. അതേസമയം നിലവിൽ 30, 60 ദിവസത്തെ സന്ദർശക വിസ യു.എ.ഇ അനുവദിക്കുന്നുണ്ട്.
ഈ വിസയിൽ എത്തുന്നവർക്ക് വിസ കാലാവധി കഴിയുന്നതോടെ വിസ നീട്ടാന്നും കഴിയും. ഐ.സി.പിയുടെ വെബ്സൈറ്റിലെ വിവരം അനുസരിച്ച് 60 ദിവസത്തെ ജോബ് സീക്കേഴ്സ് വിസക്ക് 1495 ദിർഹമാണ് ഫീസ്. 90 ദിവസം 1655, 120 ദിവസം 1815 എന്നിങ്ങനെയാണ് നിരക്കുകൾ. എന്നാൽ, യു.എ.ഇയിൽ നിന്നുകൊണ്ടുതന്നെ വിസ നീട്ടുന്നതിന് അധിക തുക നൽകേണ്ടിവരും.
നിലവിൽ, സന്ദർശക വിസയിലെത്തിയാണ് പലരും ജോലി അന്വേഷിക്കുന്നതും ജോലി ചെയ്യുന്നതും. ഇത് നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ വൻ തുക പിഴ അടക്കേണ്ടിവരും. ജോലി തട്ടിപ്പുകാർ മുതലെടുക്കുന്നതും ഈ വിസ ഉപയോഗിച്ചാണ്. അതേസമയം, ജോബ് സീക്കേഴ്സ് വിസ എടുത്തയാൾക്ക് യു.എ.ഇയിൽ ധൈര്യമായി ജോലി തേടാം. തൊഴിലന്വേഷകർക്ക് നിയമപരമായ സംരക്ഷണം ലഭിക്കുന്ന വിസയാണ് ജോബ് സീക്കേഴ്സ് വിസ.