ഫുജൈറ – യു.എ.ഇയുടെ വടക്കൻ എമിറേറ്റായ ഫുജൈറക്ക് പൊന്നിൻതിളക്കം സമ്മാനിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം. ഫുജൈറയിലെ ഹമദ് ബിൻ അബ്ദുല്ല റോഡിൽ ആരംഭിച്ച ഷോറൂം വൻ പ്രമുഖരുടെയും വൻ ജനാവലിയുടെയും സാന്നിധ്യത്തിൽ ബോളിവുഡ് നടനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറുമായ അനിൽ കപൂർ ഉദ്ഘാടനം ചെയ്തു. എമിറേറ്റിലെ മലബാർ ഗോൾഡിന്റെ രണ്ടാമത്തെ ഷോറൂമാണിത്. മലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി. അബ്ദുസ്സലാം, ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ കെ.പി. വീരാൻകുട്ടി, സീനിയർ ഡയറക്ടർ സി. മായൻകുട്ടി, ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അമീർ സി.എം.സി, മാനുഫാക്ചറിങ് ഹെഡ് എ.കെ. ഫൈസൽ, മറ്റ് മുതിർന്ന മാനേജ്മെന്റ് ടീമംഗങ്ങൾ, ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പുതിയ ഷോറൂം ഉദ്ഘാടനം ഏറെ അഭിമാനം നൽകുന്ന നിമിഷമാണെന്നും വടക്കൻ എമിറേറ്റുകളിലും യു.എ.ഇയിലും മൊത്തത്തിൽ സാന്നിധ്യം ശക്തമാക്കാനുള്ള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ശ്രമങ്ങളുടെ ഭാഗമാണിതെന്നും ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ് പറഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്ത സ്വർണം, വജ്രം, അമൂല്യ രത്നാഭരണങ്ങൾ എന്നിവയുടെ ശേഖരത്തോടൊപ്പം ഉപഭോക്താക്കൾക്കായി ലോകോത്തരവും ആഡംബരപൂർണവുമായ ആഭരണ ഷോപ്പിങ് അനുഭവം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂവായിരത്തിലേറെ ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഫുജൈറയിലെ പുതിയ ഷോറൂമിൽ 20 രാജ്യങ്ങളിലെ 30,000 ജ്വല്ലറി ഡിസൈനുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 18 കാരറ്റ്, 22 കാരറ്റ്, 24 കാരറ്റ് എന്നിവയിൽ നൈപുണ്യ മികവോടെ തയാറാക്കിയ ആഭരണങ്ങളുടെ ശേഖരത്തോടൊപ്പം കസ്റ്റമൈസ്ഡ് ജ്വല്ലറി ഡിസൈനിങ്ങിനുള്ള പ്രത്യേക സൗകര്യവും പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. പ്രഫഷനൽ ജ്വല്ലറി ഡിസൈനർമാരുടെയും കരകൗശല വിദഗ്ധരുടെയും സഹായത്തോടെ ഉപഭോക്താക്കൾക്ക് മിതമായനിരക്കിൽ ആഭരണങ്ങൾ രൂപകൽപന ചെയ്യാനാകും. ഷോറൂമിൽ ആഡംബരപൂർണമായ ലോഞ്ചും പ്രത്യേക ട്രയൽറൂമും ഒരുക്കിയിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.