ദുബായ് – സില്‍വർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്കും കുടുംബങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമായി 30 കോടി രൂപയുടെ സമ്മാനം പ്രഖ്യാപിച്ച് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്. തൊഴിലാളികളാണ് കമ്പനിയുടെ നിർണായകശക്തി. അവരോടുളള നന്ദിസൂചകമായാണ് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചതെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപകചെയർമാന്‍ സോഹന്‍ റോയ് പറഞ്ഞു. ഇത്തരം പ്രവൃത്തികളിലൂടെ ജീവനക്കാരും കുടുംബവും തമ്മിലുളള ബന്ധം ശക്തിപ്പെടും. ഏരീസ് ഗ്രൂപ്പിന്‍റെ ഭാഗമായതില്‍ അവർ അഭിമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഏരിസ് ഗ്രൂപ്പ് ജീവനക്കാരുടെ മാതാപിതാക്കൾക്കായി നിരവധി ക്ഷേമ പദ്ധതികളാണ് മുൻകാലങ്ങളിൽ കമ്പനി നടപ്പാക്കിയിരുന്നു. അതുകൊണ്ടു തന്നെ കുടുംബാംഗങ്ങളെയും കമ്പനിയുടെ ഭാഗമായി കണ്ടാണ് ഏരിസ് ഗ്രൂപ്പ് ഇത്തരത്തിലുള്ള ഒരു പദ്ധതി ആവിഷ്കരിച്ചത്.
1998ല്‍ ആരംഭിച്ച ലോകത്തെ ഏറ്റവും വലിയ ഷിപ്പ് ഡിസൈന്‍ ആന്‍റ് ഇന്‍സ്പെക്ഷന്‍ സ്ഥാപനങ്ങളില്‍ ഒന്നാണ് ഏരീസ് ഗ്രൂപ്പ് തുടക്കം മുതല്‍ ലാഭവിഹിതത്തിന്റെ 50 ശതമാനവും ജീവനക്കാര്‍ക്ക് നൽകിപ്പോന്നിരുന്നു. നിലവിൽ കമ്പനിക്കു 25 രാജ്യങ്ങളില്‍ 2200 ലധികം ജീവനക്കാരുണ്ട്. ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് പെന്‍ഷന്‍, പങ്കാളികള്‍ക്ക് ശമ്പളം, ഭവന രഹിതര്‍ക്ക് വീട്, ജീവനക്കാരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ അലവന്‍സും മറ്റു സ്‌കോളര്‍ഷിപ്പുകളും, ജീവനക്കാരുടെ മാനസിക ഉല്ലാസത്തിനായുള്ള പരിപാടികളും സ്ഥാപനം നടപ്പിലാക്കുന്നുണ്ട്. എന്നാൽ ഇതിനു പുറമെ സ്ഥാപനത്തിന് പുറത്തുളളവർക്കുമായി നിരവധി ജീവകാരുണ്യപദ്ധതികളാണ് സ്ഥാപനം നടപ്പിലാക്കുന്നത്. പ്രകൃതിക്ഷോഭത്തിലൂടെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവരുടെ പുനരധിവാസം, പിന്നാക്ക മേഖലകളില്‍ സ്‌കൂളുകള്‍ , സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി നിരവധി സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളും സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.