ദുബായ് – ഒക്ടോബർ 27ന് ആരംഭിച്ച ഗ്ലോബൽ വില്ലേജിന്റെ 27മത് സീസണിന് ഞായറാഴ്ച സമാപനമായി. ഇത്തവണ ആയിരക്കണക്കിന് സന്ദർശകർ ഒഴുകിയെത്തിയ സീസൺ റെക്കോർഡ് സന്ദർശകരെ സ്വീകരിച്ചാണ് വിടവാങ്ങിയത്. അവസാനദിവസം വൈകീട്ട് നാലുമുതൽ രാത്രി രണ്ടുവരെ പ്രവർത്തിച്ച മേളയിൽ വൻ വൻതിരക്കാണ് അനുഭവപ്പെട്ടത്. പ്രത്യേകിച്ച് ഉഷ്ണ കാലാവസ്ഥ ശക്തിപ്പെടാത്ത സാഹചര്യത്തിൽ വളരെ സുഖകരമായ സാഹചര്യത്തിൽ സന്ദർശകർക്ക് വന്നുപോകാൻ സാധിച്ചുവെന്നത് ഇത്തവണത്തെ അനുകൂല ഘടകമായിരുന്നു. ഈ വർഷം ഗ്ലോബൽ വില്ലേജ് 27 പവിലിയനുകൾ, 3,500ലധികം ഷോപ്പിങ് ഔട്ട്ലെറ്റുകൾ, 250ലധികം റസ്റ്റാറന്റുകൾ, കഫേകൾ, തെരുവ് ഭക്ഷണശാലകൾ എന്നിവയെല്ലാം ഒരുക്കിയിരുന്നു.
സന്ദർശകർക്ക് ആസ്വദിക്കാൻ 175ലധികം റൈഡുകളും ഗെയിമുകളും ലഭ്യമാക്കിയിരുന്നു. ഒപ്പം ലോകത്തിലെ ഏറ്റവും മികച്ച കലാകാരൻമാരുടെ പ്രകടനങ്ങൾ, ലോകോത്തര സംഗീത കച്ചേരികൾ, തെരുവ് കലാപ്രകടനങ്ങൾ വാട്ടർ സ്റ്റണ്ട് ഷോ എന്നിവയടക്കം 40,000 ഷോകൾ എന്നിവയും ആസ്വദിക്കാൻ അവസരം ലഭിച്ചു. സാധാരണ രണ്ട് കവാടങ്ങളിലൂടെ സന്ദർശകരെ പ്രവേശിപ്പിക്കുന്ന അധികൃതർ ഇത്തവണ മൂന്ന് ഗേറ്റുകളാണ് ഒരുക്കിയിരുന്നത്. അടുത്ത സീസൺ ഒക്ടോബർ അവസാനത്തോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതികൂല കാലാവസ്ഥമൂലം ചില ദിവസങ്ങളിൽ മുടങ്ങിയത് ഒഴിച്ചുനിർത്തിയാൽ മറ്റു ദിവസങ്ങളിലെല്ലാം മേള സജീവമായിരുന്നു.