ദുബൈ: ജനറൽ ഡിപ്പാർട്മെന്റ് ഓഫ് കമ്യൂണിറ്റി ഹാപ്പിനസിന്റെ നേതൃത്വത്തിലാണ് ദുബൈ പൊലീസ് പുതിയ 22 പദ്ധതികൾ നടപ്പിലാക്കുന്നത്. സമൂഹത്തിന്റെ നന്മയുദ്ദേശിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും ആഹ്ലാദം പകരുന്ന രീതിയിലാണ് പദ്ധതികൾ ഒരുക്കിയിരിക്കുന്നത് . ഇതിലൂടെ കഴിഞ്ഞ വർഷം 10 ലക്ഷത്തിലേറെ പേർക്ക് ആശ്വാസം പകരാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി. ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, കമ്മ്യൂണിറ്റി ഹാപ്പിനസ് വിഭാഗത്തിൽ നടത്തിയ സന്ദർശന സമയത്താണ് കഴിഞ്ഞ വർഷത്തെ കണക്കുകൾ വെളിപ്പെടുത്തിയത്.
സുരക്ഷ, സേവനം, ഭരണം, ട്രാഫിക് തുടങ്ങിയ വിവിധ മേഖലകളിൽ 205 കരാറുകൾ ഒപ്പിടാൻ സാധിച്ചതടക്കം നിരവധി നേട്ടങ്ങളും ഈ കാലയളവിലുണ്ടായതായും, സുരക്ഷ പ്രോത്സാഹിപ്പിക്കുക, സ്ഥാപനപരമായ പ്രകടനം കാര്യക്ഷമമാക്കുക, സന്തോഷം വർധിപ്പിക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക, മാനുഷിക മൂലധനം വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ വെച്ചാണ് പദ്ധതികൾ നടപ്പിലാക്കിയിരുന്നത്. ഇതുവരെ ഒമ്പത് എക്സിബിഷനുകളിൽ ദുബൈ പോലീസ് പങ്കെടുത്തിട്ടുമുണ്ട്. കുട്ടികൾക്കായി നടപ്പിലാക്കിയ ‘ചൈൽഡ്സ് ഹാപ്പിനസ് ഇനീഷ്യേറ്റീവ്’ പദ്ധതിയും ഇതിൽ ഉൾപ്പെടുന്നതാണ്. ഇതിലൂടെ പൊലീസിനെ കുറിച്ച കുട്ടികളുടെ മുൻധാരണകൾ തിരുത്തുവാനും, ധൈര്യം വർധിപ്പിക്കുകയും സാധിച്ചതായി ബന്ധപെട്ടവർ അറിയിച്ചു. 54 കുട്ടികളാണ് ഈ പദ്ധതിയിൽ മാത്രം പ്രായോജകരായത്. രോഗികളായ കുട്ടികൾക്ക് തങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിച്ചു കൊടുക്കുന്ന ചടങ്ങുകളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. കായിക മേഖലയിലും കഴിഞ്ഞ വർഷം നിരവധി പരിപാടികൾ പൊലീസ് നടപ്പിലാക്കിയിട്ടുണ്ട്. 2021ൽ 11 പോലീസ് ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെ 92 ചാമ്പ്യൻഷിപ്പുകളിൽ ദുബൈ പോലീസ് സ്പോർട്സ് ടീമുകൾ പങ്കെടുത്തു 83 സ്വർണവും 68 വെങ്കലവും 52 വെള്ളിയും ടീമുകൾ നേടിയിട്ടുണ്ട്.