അബുദാബി – പ്രതിരോധം, സുരക്ഷ, നയതന്ത്രം, സാമ്പത്തികം, ഊർജം, വ്യാപാരം, വ്യവസായം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെ ഭാഗമായി തന്ത്രപ്രധാന സഹകരണ കരാറിൽ യുഎഇയും ജപ്പാനും ഒപ്പുവച്ചു. ഈ കരാർ അനുസരിച്ച് ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് വീസയില്ലാതെ യുഎഇയും ജപ്പാനും സന്ദർശിക്കാനുള്ള സൗകര്യം വൈകാതെ നിലവിൽ വരും.
യുഎഇ വിദേശ വ്യാപാര, നൂതന സാങ്കേതികവിദ്യാ മന്ത്രി ഡോ. സുൽത്താൻ ബിൻ അഹ്മദ് അൽ ജാബറും, ജപ്പാൻ വിദേശകാര്യമന്ത്രി ഹയാഷി യോഷിമാസയും ചേർന്ന് അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാനായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലാണ് ഇരുവരും ഈ പുതിയ കരാറിൽ കരാറിൽ ഒപ്പുവെച്ചത്.
വിദ്യാഭ്യാസം, ശാസ്ത്രം, കാലാവസ്ഥാ വ്യതിയാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ നൂതന സാങ്കേതികവിദ്യ, ഉൽപാദനം, അടിസ്ഥാന സൗകര്യങ്ങൾ, ഹെൽത്ത് കെയർ, ചെറുകിട ഇടത്തരം സംരംഭങ്ങൾ (എസ്എംഇ), കൃഷി, പരിസ്ഥിതി സംരക്ഷണം എന്നിവയാണ് സഹകരിക്കുന്ന മറ്റു പ്രധാന മേഖലകൾ.
എന്നാൽ കരാർ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന വീസ ഫ്രീ സേവനം ഇരുരാജ്യങ്ങളിലെയും വിനോദസഞ്ചാര, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ഉണർവുണ്ടാക്കുമെന്നും വിലയിരുത്തുന്നു.