ടോക്കിയോ, ജപ്പാൻ – ജപ്പാനിലേക്കുള്ള യുഎഇ പ്രതിനിധി സംഘത്തെ നയിക്കുന്ന അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നയൻ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ടോക്കിയോയിൽ കൂടിക്കാഴ്ച നടത്തി.
പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ആശംസകൾ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ജാപ്പനീസ് പ്രധാനമന്ത്രിയെ അറിയിച്ചു.
അന്തരിച്ച ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയുടെ 2018-ലെ യുഎഇ സന്ദർശന വേളയിൽ പ്രഖ്യാപിച്ച യുഎഇയും ജപ്പാനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്ത കരാറിന്റെ സമാരംഭത്തിന് കൂടിക്കാഴ്ചയിൽ ഹിസ് ഹൈനസ് സാക്ഷ്യം വഹിച്ചു.
കൂടുതൽ നയതന്ത്ര, സാമ്പത്തിക, രാഷ്ട്രീയ, വാണിജ്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഇരു രാജ്യങ്ങളിലെയും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് തന്ത്രപരമായ പങ്കാളിത്ത കരാർ ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സ്ഥാപിച്ചതിന്റെ 50-മതെ വാർഷികം ആഘോഷിക്കുന്നതിനോടൊപ്പമാണ് ഈ പങ്കാളിത്ത കരാർ ആരംഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പുരോഗതിയും വികസനവും കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും സാമൂഹികവും സാമ്പത്തികവുമായ വളർച്ച ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത്തിനും കരാർ ഊന്നൽ നൽകുന്നുണ്ട്.
നയതന്ത്രം, അന്താരാഷ്‌ട്ര വികസനം, മാനുഷിക സഹായ ശ്രമങ്ങൾ എന്നിവ വർധിപ്പിക്കുക, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹെൽത്ത്‌കെയർ, എസ്എംഇകൾ എന്നിവയിലുടനീളവും, വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിന് വ്യാപാരം, ഊർജം, വ്യവസായം എന്നിവയിൽ സഹകരിക്കുക എന്നിവയാണ് പങ്കാളിത്തത്തിന്റെ പ്രധാന മേഖലകൾ. കൃഷി, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന പരിഹാരങ്ങൾ, വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക വിദ്യ, പ്രതിരോധം, സുരക്ഷ എന്നിവയുൾപ്പെടെ ഉയർന്ന മുൻഗണനയുള്ള മറ്റ് മേഖലകളും കരാറിൽ ഉൾപ്പെടുന്നുണ്ട്.
വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും ജപ്പാനിലെ യുഎഇ പ്രത്യേക പ്രതിനിധിയുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ, ജപ്പാനിലെ യുഎഇ അംബാസഡർ ഷെഹാബ് അഹമ്മദ് അൽ ഫാഹിം, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.