ദുബായ് – ഹൃസ്വ സന്ദർശനാർത്ഥം ദുബായിലെത്തിയ കേരള പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിനു കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൌണ്ടേഷൻ സ്വീകരണം നൽകി. ഒപ്പം കുഞ്ഞാലി മരക്കാർ സ്മാരകത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളെ കുറിച്ചു മന്ത്രിയുമായി ചർച്ചയും നടത്തി.
കോഴിക്കോട് ജില്ലയിലെ ഇരിങ്ങൽ കോട്ടക്കൽ സ്ഥിതി ചെയ്യുന്ന മരക്കാർ സ്മാരകത്തിനു സമീപമായി അക്വയർ ചെയ്ത പയ്യോളി നഗരസഭയുടെ കൈവശമുള്ള ഭൂമിയിൽ കെട്ടിടം നിർമിച്ചു നൽകുന്ന മുറയ്ക്ക് ഇന്ത്യയുടെ
അഭിമാനമായിരുന്ന ധീരനായ ആ നാവിക പടത്തലവന്റെ പേരിൽ വിപുലമായ മ്യുസിയം സജ്ജീകരിക്കാൻ കേരള പുരാവസ്തു വകുപ്പിന് പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ വൈദേശികാധിപത്യത്തിനെതിരായി കടൽമാർഗം ആദ്യമായി ചെറുത്തു നില്പു നടത്തിയത് പോർച്ചുഗീസ് അധിനിവേശത്തെ തടയാൻ ധൈര്യം കാട്ടിയ കുഞ്ഞാലി മരക്കാരായിരുന്നു. സാമൂതിരി രാജാവിന്റെ നാവിക പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാർക്കു ഇതുമൂലം തന്റെ ജീവൻ പോലും ബലിയർപ്പിക്കേണ്ടി വന്നു. രാജ്യത്തിന് വേണ്ടി ആദ്യ രക്തസാക്ഷിയാവേണ്ടി വന്ന ആ മഹാന്റെ പോരാട്ടങ്ങളുടെ ചരിത്ര സാക്ഷ്യങ്ങളാണ് തലശേരി കടപ്പുറത്തു നിന്നും കണ്ടു കിട്ടിയ പീരങ്കികളും, മരക്കാർ ഗ്രാമത്തിൽ നിന്നും കണ്ടെത്തിയ
പീരങ്കിയുണ്ടകളും,വാളുകളും പരിചകളുമെല്ലാം. ഇവയൊക്കെയും കുഞ്ഞാലി മരക്കാരുടെ പേരിലുള്ള മ്യുസിയത്തിൽ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
കൂടാതെ,മരക്കാരുടെ ജന്മദേശമായ ഇവിടെ നിന്നും കെട്ടിടനിർമാണത്തിനും മറ്റുമായി കുഴിയെടുക്കുമ്പോൾ , മണ്ണിനടിയിൽ നിന്നും കണ്ടെടുത്ത സ്വർണാഭരണങ്ങളും, പഴയ ശില്പങ്ങളുമെല്ലാം സുരക്ഷയുടെ പേരിൽ സർക്കാർ
ട്രഷറികളിൽ സൂക്ഷിച്ചതായാണറിവ്. ഇതെല്ലാം തന്നെ, മരക്കാർ സ്മാരകത്തോടനുബന്ധിച്ചുള്ള മ്യുസിയത്തിൽ തന്നെ സംരക്ഷിച്ചു പ്രദര്ശിപ്പിക്കേണ്ടതുണ്ട്. ചരിത്ര വസ്തുക്കൾ ഇവിടെ പ്രദര്ശിപ്പിക്കാത്തതു മൂലം ,മ്യുസിയം സന്ദര്ശിക്കാനെത്തുന്ന ചരിത്ര ഗവേഷകരും, വിദ്യാർത്ഥികളും, ഉൾപ്പെടെയുള്ള അധ്യയന യാത്ര സംഘങ്ങൾ നിരാശരായി മടങ്ങുകയാണ്.
സ്വീകരണ പരിപാടിയിൽ കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ ജന:സിക്രട്ടറി അഡ്വ.മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. സി.കെ.അബ്ദുൽ ബഷീർ,
അബ്ദുൽ റഹിമാൻ പുത്തൻ പുരയിൽ, നബീൽ കാഞ്ഞങ്ങാട്, പി സി സി മൊയ്ദു, നൗഫൽ ഹബീബ്, സൂപ്പി കുന്നുമ്മൽ എന്നിവർ സംസാരിച്ചു.