ബുറൈദ: ഈ വർഷം മേയ് 22- മുതൽ പ്രാബല്യത്തിൽ വന്ന, നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികൾ ആളൊന്നിന് 9,600- സൗദി റിയാൽ വാർഷിക ഫീസ് (ലെവി) നൽകണമെന്ന നിയമത്തിന്റെ പ്രായോഗിക സാധ്യതയെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്നാണ് ശൂറ കൗൺസിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. കൗൺസിലിനുവേണ്ടി വെർച്വൽ സെഷൻ വൈസ് പ്രസിഡന്റ് ഡോ. മിഷാൽ അൽ സുല്ലമിയാണ് മന്ത്രാലയത്തോട് ഇത്തരം ഒരു ആവശ്യമുന്നയിച്ചത്. ഈ നിയമം പ്രാബല്യത്തിൽ വന്നത് വഴി ഹൗസ് മെയ്ഡ്, ഹൗസ് ഡ്രൈവർ, തുടങ്ങിയ തസ്തികകളിൽ നാലിൽ കൂടുതൽ വിദേശ ജോലിക്കാരെ നിയോഗിക്കേണ്ടിവരുന്ന സൗദി സ്വദേശികൾ തൊഴിൽ മേഖലയിൽ സാധാരണ ജീവനക്കാരുടെ താമസരേഖ (ഇഖാമ) പുതുക്കുന്ന വേളയിൽ അടക്കേണ്ട അതേ തുക ലെവി നൽകാൻ നിർബന്ധിതരായി. മാത്രമല്ല സ്വദേശികളുടെ സ്ഥാനത്ത് പ്രവാസി തൊഴിലുടമകളാണെങ്കിൽ രണ്ടിൽ കൂടുതൽ ഗാർഹിക ജോലിക്കാരുണ്ടെങ്കിൽ മൂന്നാമത്തെയാൾക്ക് ലെവി നൽകണം. സ്വദേശികൾക്ക് നാല്, പ്രവാസികൾക്ക് രണ്ട് എന്ന തോതിനു മുകളിലാണ് ഗാർഹിക ജോലിക്കാരുടെ എണ്ണമെങ്കിൽ ഈ വർഷം അധികമുള്ള ജോലിക്കാർക്ക് മാത്രം ലെവി നൽകിയാൽ മതി. എന്നാൽ, 2023 മേയ് 11 മുതൽ പരിധിയിൽ കൂടുതൽ ജോലിക്കാർ തുടർന്നാൽ മൊത്തം പേർക്കും ലെവി അടക്കേണ്ടിവരും. ഇത്തരത്തിലുള്ള ലെവി ഒഴിവാക്കുന്നതു സംബന്ധിച്ച് പഠനം നടത്താനാണ് മന്ത്രാലയത്തോട് ശൂറ കൗൺസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.