ദുബായ് – മുൻ മന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ മലബാർ പ്രവാസി (യു എ ഇ) അനുശോചിച്ചു. ആഭ്യന്തര മന്ത്രി എന്ന നിലയിൽ കേരള സംസ്ഥാനത്തിന്റെ ക്രമസമാധാന പരിപാലനത്തിന് അദ്ദേഹം ചെയ്ത സേവനങ്ങൾ നിസ്തുലമാണ്. പോലീസ് സേനയിൽ സമൂലമായ മാറ്റങ്ങളുണ്ടായതും ഇക്കാലയളവിലാണ്. അദ്ദേഹം വിഭാവനം ചെയ്ത ജന മൈത്രി പോലീസ് സാധാരണ ജനതയെ പോലീസുമായി അടുപ്പിക്കാൻ ഏറെ ശ്രദ്ധേയമായ ചുവടു വെയ്പായിരുന്നു.
നീണ്ട കാലം സി പി എം സെക്രട്ടറി എന്ന നിലയിൽ സൗമ്യ ഭാവം കൊണ്ടും, സമചിത്തത കൊണ്ടും കേരള സമൂഹത്തിൽ കലുഷിതമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ അദ്ദേഹം കാട്ടിയ നേതൃ പാടവം എന്നും ഓര്മിക്കപ്പെടുന്നതാണ്. മാരക രോഗം ബാധിച്ചിട്ടും അന്ത്യ നാളുകൾ വരെ കര്മനിരതനായിരിക്കുവാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ നിശ്ചയ ദാർഢ്യത്തിനുദാഹരണമാണ്.
യു എ ഇ സന്ദർശന വേളയിൽ മലബാർ വികസന വിഷയങ്ങളുമായി നേരിട്ട് കണ്ടപ്പോളൊക്കെയും വളരെ അനുഭാവപൂർണമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.
കോടിയേരിയുടെ നിര്യാണത്തിൽ മലബാർ പ്രവാസി പ്രസിഡണ്ട് ജമീൽ ലത്തീഫ്, മോഹൻ എസ് വെങ്കിട്ട്, അഷ്‌റഫ് താമരശ്ശേരി, അൻവർ നഹ , സി.കെ.റിയാസ്, ഫൈസൽ മലബാർ, അഡ്വ.മുഹമ്മദ് സാജിദ്, രാജൻ കൊളാവിപാലം, ബി എ നാസർ , രാജു മേനോൻ , ജെയിംസ് മാത്യു , ഡോ.ബാബു റഫീഖ് , ശരീഫ് കാരശ്ശേരി, മുഹമ്മദ് അലി, തുടങ്ങിയവർ അനുശോചിച്ചു.