ദോഹ – 22-മത് ലോകകപ്പിലേക്കുള്ള കാത്തിരിപ്പു ദൂരം ദിവസങ്ങൾ എത്തിനിൽക്കുമ്പോൾ വിശ്വമേളയെ അലങ്കാരങ്ങളോടെ വരവേൽക്കുവാൻ തയ്യാറാവുകയാണ് ഖത്തർ. രാജ്യത്തെ കെട്ടിടങ്ങളും പൊതുഗതാഗത സംവിധാനങ്ങളുമെല്ലാം ലോകകപ്പിനെ സ്വീകരിക്കുന്നതിന് ഒരുങ്ങിക്കഴിഞ്ഞു. ബസുകളിലും മെട്രോ ട്രെയിനുകളിലും സ്റ്റേഷനുകളിലും ലോകകപ്പിലെ പ്രധാന താരങ്ങളുടെ കൂറ്റൻ ചിത്രങ്ങളും ലോകകപ്പ് ടീമുകളുടെ കൊടിതോരണങ്ങളും സ്ഥാപിച്ചുകഴിഞ്ഞു. നഗരമധ്യത്തിലെ പ്രധാന റോഡിൽ കൂറ്റൻ പന്തിന്റെ രൂപത്തിലും വിവിധ രാജ്യങ്ങളുടെ പതാകകൾ അലങ്കരിച്ചിട്ടുണ്ട്. കൂടാതെ, സൂപ്പർ മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, വാണിജ്യ സമുച്ചയങ്ങൾ തുടങ്ങിയവയെല്ലാം കളിക്കാരുടെ ചിത്രങ്ങളും രാജ്യങ്ങളുടെ പതാകകളും കെട്ടിടങ്ങളിലും പാർക്കിങ് കേന്ദ്രങ്ങളിലും പതിച്ചിട്ടുണ്ട്.
ദോഹയുടെ പ്രധാന ഭാഗമായ വെസ്റ്റ്ബേയിലെ ഉയർന്ന കെട്ടിടങ്ങളിലെ താരങ്ങളുടെ ഭീമൻ ചിത്രങ്ങൾ ഇതിനകം വാർത്താപ്രാധാന്യം നേടിക്കഴിഞ്ഞു. സെനഗലിന്റെ സാദിയോ മാനേ, ഘാനയുടെ ആന്ദ്രേ അയേവ്, ജർമനിയുടെ മാനുവൽ നോയർ, ഖത്തറിന്റെ ഹസൻ അൽ ഹൈദൂസ്, ക്രൊയേഷ്യയുടെ ലൂക മോഡ്രിച്ച്, ഉറുഗ്വായിയുടെ ലൂയി സുവാറസ്, ഇംഗ്ലണ്ടിന്റെ ഹാരികെയ്ൻ തുടങ്ങിയവരെല്ലാം കെട്ടിടങ്ങളിലിടം നേടിയിട്ടുണ്ട്. ഒപ്പം കോർണിഷ് റോഡിലും വെസ്റ്റ് ബേയിലെ പ്രധാന റോഡുകളിലും ടീമുകളുടെ പതാകയോടൊപ്പം ലോകകപ്പിന്റെ ഭാഗ്യചിഹ്നമായ ലഈബിന്റെ വിവിധ ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്.
അൽദാന ടവറിലെ പന്ത് പിടിച്ച ഗോൾകീപ്പറുടെ കൈ ആരെയും ആകർഷിക്കുന്ന സൃഷ്ടിയാണ്. ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നവും വർണങ്ങളും മുദ്രാവാക്യവുമായി നടപ്പാലങ്ങൾ അലങ്കരിക്കപ്പെട്ടിട്ടുണ്ട്. എട്ട് നടപ്പാലങ്ങളാണ് കഴിഞ്ഞയാഴ്ച നിർമാണം പൂർത്തിയാക്കി അശ്ഗാൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്
സൽവാ റോഡിലെ റമദ സിഗ്നലിൽ നൗ ഈസ് ആൾ എന്ന ലോകകപ്പിന്റെ പ്രധാന മുദ്രാവാക്യവുമായി കൂറ്റൻ ഡിജിറ്റൽ സ്ക്രീൻ സ്ഥാപിച്ചിട്ടുണ്ട്. അൽ സദ്ദ് ഇൻറർസെക്ഷനിൽ ഫിഫയുടെ മാസ്കോട്ടുകൾ നേരത്തേ തന്നെ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. പ്രധാന ബിൽബോർഡിൽ ഖത്തർ ലോകകപ്പിന്റെ താരമായ ലഈബുമുണ്ട്. ദോഹ മെട്രോയും ലോകകപ്പിനെ സ്വീകരിക്കാൻ മുൻനിരയിൽ തന്നെയുണ്ട്. മെട്രോ സ്റ്റേഷനുകളുടെ വലിയ ചുവരുകൾ, എലവേറ്ററുകൾ, സ്റ്റേഷനുകളുടെ പുറംഭാഗം എന്നിവയെല്ലാം ലോകകപ്പ് മയമാണ്. ഈയിടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത പുതിയ നടപ്പാലങ്ങളും ലോകകപ്പിനെ ഏറ്റെടുത്തിട്ടുണ്ട്. ഖത്തറിൽ എത്തുന്ന ഏതൊരാൾക്കും ലോകകപ്പിന്റെ ചൂടും ചൂരും ഇപ്പോൾ തന്നെ അനുഭവിച്ചറിയാൻ സാധിക്കുംവിധത്തിലാണ് രാജ്യത്തിന്റെ തയാറെടുപ്പുകൾ.