കുവൈത്ത് – 17മത് ദേശീയ അസംബ്ലി ഫലം പുറത്തുവന്നതിന് പിറകെ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന് കീഴിലുള്ള സർക്കാർ രാജിവെച്ചു. ശനിയാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിനു ശേഷം രാജിക്കത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സമർപ്പിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സെയ്ഫ് പാലസിൽ നടന്ന അസാധാരണ കാബിനറ്റ് സമ്മേളനത്തിന് ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് ഉപപ്രധാനമന്ത്രിയും, കാബിനറ്റ് കാര്യ സഹമന്ത്രി – നാഷനൽ അസംബ്ലി കാര്യങ്ങളുടെ ആക്ടിങ് മന്ത്രിയുമായ ഡോ. മുഹമ്മദ് അൽ ഫറസ് അറിയിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭ കാര്യങ്ങൾ ചർച്ചചെയ്യുകയും അമീറിന് രാജി സമർപ്പിക്കാൻ തീരുമാനമെടുക്കുകയുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.