ശ്രീനഗർ: ജമ്മുകാശ്മീരിൽ നടന്ന ഏറ്റമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നലെ വൈകിട്ട് മുതലാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശം മുഴുവൻ നിയന്ത്രണത്തിലാണെന്ന് സുരക്ഷാ സേന അറിയിച്ചു.
ജമ്മുകാശ്മീർ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. ഇവരുടെ പക്കൽ നിന്ന് നിരവധി വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെച്ച ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
രണ്ടിലധികം ഭീകരർ പ്രദേശത്ത് തമ്പടിച്ചിരുന്നതായാണ് സുരക്ഷാ സേനയുടെ കണ്ടെത്തൽ. തുടർന്നാണ് ഇവർക്കായി തിരച്ചിൽ തുടങ്ങിയത്. അതിനിടയിൽ ഭീകരർ സൈന്യത്തിന് നേരെ ആക്രമണം നടത്തി. തുടർന്ന് സുരക്ഷ സേന തിരിച്ചടിച്ചു. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.