അബൂദബി – യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനെ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യു.എ.ഇ വൈസ് പ്രസിഡന്‍റായി നിയമിച്ചു. യു.എ.ഇ വാർത്ത ഏജൻസിയായ ‘വാം’ ആണ് ഇക്കാര്യം അറിയിച്ചത്. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും എന്ന പദവിയിൽ തുടരും. ഇതിനൊപ്പമാണ് ശൈഖ് മൻസൂറിനും ചുമതല നൽകിയത്. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ അബൂദാബി കിരീടാവകാശിയായും പ്രഖ്യാപിച്ചു.
ശൈഖ് തഹ്നൂൻ ബിൻ സായിദിനെയും ശൈഖ് ഹസ്സ ബിൻ സായിദിനെയും അബൂദബി ഉപ ഭരണാധികാരികളായും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിട്ടുണ്ട്. ശൈഖ് ഖാലിദ് ശൈഖ് മുഹമ്മദിന്‍റെ മകനാണ്. ശൈഖ് മൻസൂർ, ശൈഖ് തഹ്നൂൻ, ശൈഖ് ഹസ്സ എന്നിവർ സഹോദരങ്ങളും യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്‍റെ പുത്രൻമാരുമാണ്.