ഷാർജ – ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവമായ ‘ഷാർജ പുസ്തകോത്സവം’ ഇത്തവണ ഷാർജ എക്സ്പോ സെന്‍ററിൽ നവംബർ രണ്ട് മുതൽ 13 വരെയാണ് നടത്തുക. ലോകത്തിലെ 95 രാജ്യങ്ങളിൽ നിന്ന് 2213 പ്രസാധകരാണ് ഇത്തവണ പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത്.
ഇറ്റലിയാണ് ഈ വർഷത്തെ അതിഥി രാജ്യം. ഇതോടൊപ്പം ഏറ്റവും കൂടുതൽ പ്രസാധകർ പങ്കെടുത്ത പുസ്തകോത്സവമാകാനൊരുങ്ങുകയാണ് 41മത് എഡിഷൻ ഷാർജ പുസ്തകോത്സവം. ഈ സീസണിൽ ആറ് പുതിയ പരിപാടികളുണ്ടാകുമെന്നും ഷാർജ ബുക്ക് അതോറിറ്റി ചെയർമാനും ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി ഡയറക്ടർ ജനറലുമായ അഹ്മദ് ബിൻ റക്കാദ് അൽ അമീരി പറഞ്ഞു.
‘വാക്ക് പ്രചരിപ്പിക്കുക’ എന്ന പ്രമേയത്തിലാണ് ഈവർഷത്തെ പുസ്തകോത്സവം അരങ്ങേറുന്നത്. പത്ത് രാജ്യങ്ങളിലെ പ്രസാധകർ ഈ സീസണിൽ പുതിയതായി അരങ്ങേറ്റം കുറിക്കും. മേളയിൽ സംഘടിപ്പിക്കുന്ന 1047 പരിപാടികൾക്ക് 57 രാജ്യങ്ങളിലെ 129 അതിഥികൾ നേതൃത്വം നൽകും. 1298 അറബ് പ്രസാധകർക്ക് പുറമെ 915 അന്താരാഷ്ട്ര പ്രസാധകരും പങ്കെടുക്കും. മേളയിൽ 15 ലക്ഷം പുസ്തങ്ങളുണ്ടാവും. ഏറ്റവും കൂടുതൽ യു.എ.ഇയിൽ നിന്നാണ്, 339 പേർ. ഈജിപ്ത് 306, ലബനൻ 125, സിറിയ 95 എന്നിങ്ങനെയാണ് അറബ് ലോകത്ത് നിന്നുള്ള പ്രസാധകരുടെ എണ്ണം. ഇത്തവണ അറബ് ലോകത്തിന്‍റെ പുറത്ത് നിന്ന് ഏറ്റവും കൂടുതൽ പ്രസാധകർ എത്തുന്നത് ഇന്ത്യയിൽ നിന്നാണ്, 112. യു.കെയിൽ നിന്ന് 61 പേരും, ക്യൂബ, കോസ്റ്ററിക്ക, ലൈബീരിയ, ഫിലിപ്പൈൻസ്, അയർലൻഡ്, മാൾട്ട, മാലി, ജമൈക്ക, ഐലൻഡ്, ഹംഗറി എന്നീ രാജ്യങ്ങൾ ഷാർജ പുസ്തകോത്സവത്തിൽ അരങ്ങേറ്റം കുറിക്കും.
ഈ വർഷത്തെ ബുക്കർ പ്രൈസ് ജേതാവ് യു.പി സ്വദേശിനിയാ ഗീതാഞ്ജലി ശ്രീയാണ് (ഗീതാഞ്ജലി പാണ്ഡെ) ഇന്ത്യൻ എഴുത്തുകാരിൽ പ്രധാനി. 2018ൽ പ്രസിദ്ധീകരിച്ച രേത് സമാധി എന്ന നോവലിനാണ് ഈ വർഷം ബുക്കർ പ്രൈസ് ലഭിച്ചത്. ഇന്ത്യയിൽ ജനിച്ച അമേരിക്കൻ എഴുത്തുകാരൻ ദീപക് ചോപ്രയാണ് മറ്റൊരു ഇന്ത്യൻ നിറസാന്നിധ്യം. പഞ്ചാബിൽ ജനിച്ച് കാനഡയിലേക്കു ചേക്കേറിയ രൂപി കൗറും പുസ്തകമേളയിൽ അതിഥിയായെത്തും.
ഇങ്ങനെ ഒട്ടനവധി പരിപാടികളാണ് ഇത്തവണ ഷാർജ പുസ്തകോത്സത്തിൽ സംഘടിപ്പിച്ചിട്ടുള്ളത് എന്ന് വാർത്താസമ്മേളനത്തിൽ അധികൃതർ വ്യകതമാക്കി.